ആന്തൂരിലെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരേ തെളിവില്ല; വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരെന്ന് അന്വേഷണസംഘം

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം. സാജന്റെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എന്‍ജിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സാജന്റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്കെതിരായി ഇതുവരെ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.

കഴിഞ്ഞദിവസം സാജന്റെ വീട്ടിലെത്തിയ പ്രത്യേക പോലീസ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്റെ മുറിയില്‍നിന്ന് ഒരു ഡയറി കണ്ടെത്തിയിരുന്നെങ്കിലും ഇതില്‍ ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെയെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ലഭിച്ചില്ല. വീട്ടിലെ പരിശോധനയ്ക്ക് പുറമേ സാജന്റെ ഭാര്യയില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതിനിടെ, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനില്‍ കഴിയുന്ന ആന്തൂര്‍ നഗരസഭാ സെക്രട്ടറി ജിതീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസ് അന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റിലേക്ക് നീങ്ങിയേക്കാമെന്നത് മുന്‍കൂട്ടി കണ്ടാണ് സെക്രട്ടറി മുന്‍കൂര്‍ ജാമ്യം തേടിയത്. സാജന്റെ ആത്മഹത്യയില്‍ നഗരസഭ സെക്രട്ടറി ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.

pathram:
Leave a Comment