മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് ഇപ്പോള്‍ നല്‍കുന്നു; ദേശീയ പാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ഗഡ്കരിയുടെ പ്രതികരണം. ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രിയും പ്രതികരിച്ചു.

കേരളത്തില്‍ ഭൂമിയുടെ വില കൂടുതലാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക കേരളത്തിന് ഇപ്പോള്‍ നല്‍കുന്നുണ്ടെന്നും ദേശീയപാതാ വികസനത്തിനാണ് മുഖ്യപ്രാധാന്യമെന്നും ഗഡ്കരി പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും മന്ത്രി ജി.സുധാകരനും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദേശീയപാതാ വികസനത്തിനായുള്ള മുന്‍ഗണനാ പട്ടികയില്‍ കേരളത്തിന് സ്ഥാനമില്ലെന്ന പ്രശ്നം പൂര്‍ണമായും പരിഹരിക്കപ്പെട്ടു. മുന്‍ഗണന പട്ടിക എന്നുള്ള രീതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

റോഡ് നിര്‍മ്മാണവും അതിനു വേണ്ടി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍ റോഡുനിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാനുമായി വേണ്ടി വരുന്ന ഉയര്‍ന്ന ചെലവ് പരിഗണിച്ചുെകാണ്ട് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും ദേശീയ ഹൈവേ അതോറിറ്റിക്കും യോജിക്കാവുന്ന ഒരു സമവായത്തിലെത്താനുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും കണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ലേലത്തില്‍ പിടിച്ച അദാനി ഗ്രൂപ്പിന് നല്‍കരുതെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയ പുനഃനിര്‍മാണത്തിനുള്ള സഹായവും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment