കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 800 എംപാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ താല്‍ക്കാലിക പെയിന്റിങ് തൊഴിലാളികളെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ കെഎസ്ആര്‍ടിസിയിലെ 800 എം പാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടണ്ടി വരും. നിലവിലുള്ള എംപാനല്‍ഡ് പെയിന്റര്‍മാരെ പിരിച്ചുവിട്ട് പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

പെയിന്റര്‍ തസ്തികയിലുള്ള പി എസ് എസ് റാങ്ക് ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. ഈ മാസം മുപ്പതിനകം ഉത്തരവ് നടപ്പാക്കി തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ആയിരത്തിലേറെ വരുന്ന താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ നേരത്തെ ഇതേ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നേരത്തെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും പിരിച്ചുവിടാന്‍ ഉത്തരവിറക്കിയ അതേ നിയമപരമായ സമീപനം തന്നെയാണ് ഹൈക്കോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. പി എസ് എസ് റാങ്ക് പട്ടിക നിലനില്‍ക്കുമ്പോള്‍ അവരെ നിയോഗിക്കാതെ താത്ക്കാലികക്കാരെ നിയോഗിക്കുന്ന നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിലുള്ള നിയമങ്ങള്‍ക്കത് വിരുദ്ധമാണെന്നും ഹൈക്കോടതി അറിയിച്ചു.

pathram:
Leave a Comment