രാഹുല്‍ ഗാന്ധി ഈയാഴ്ച വയനാട്ടിലത്തും

കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുത്ത ലോക്‌സഭാംഗവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഈ മാസം ഏഴിന് നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും. വയനാട് മണ്ഡലത്തില്‍ നിന്നു പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നു വോട്ടര്‍മാര്‍ക്ക് നന്ദി പറയാനാണ്് ഏഴ്, എട്ട് തീയതികളില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും രാഹുല്‍ നേരിട്ടെത്തി വോട്ടര്‍മാരെ കാണുന്നത്.

ഏഴിനു ഉച്ചയ്ക്കു ശേഷം മൂന്നിനു വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവിലാണ് ആദ്യ റോഡ് ഷോ. വണ്ടൂര്‍ റോഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ കാളികാവ് ടൗണ്‍ ചുറ്റി പുല്ലങ്കോട് റോഡില്‍ സമാപിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വണ്ടൂര്‍ എം.എല്‍.എ എ.പി.അനില്‍ കുമാര്‍, മലപ്പുറം ഡി.സി.സി പ്രസിഡന്റ വി.വി.പ്രകാശ് തുടങ്ങിയവര്‍ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കും. തുടര്‍ന്നു വൈകുന്നേരം നാലിനു നിലമ്പൂര്‍ മണ്ഡലത്തിലെ റോഡ് ഷോ ചന്തക്കുന്നില്‍ നിന്നാരംഭിച്ച് ചെട്ടിയങ്ങാടി യു.പി സ്‌കൂള്‍ പരിസരത്ത് സമാപിക്കും. രാഹുല്‍ ഗാന്ധിക്കും ദേശീയ, സംസ്ഥാന നേതാക്കള്‍ക്കുമൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും റോഡ് ഷോയില്‍ പങ്കെടുക്കും.

അഞ്ചു മണിക്ക് ഏറനാട് മണ്ഡലത്തിലെ റോഡ് ഷോ കുണ്ടുതോട് നിന്നാരംഭിച്ച് എടവണ്ണ ടൗണിലും പിന്നീട് അരീക്കോട് ടൗണിലും റോഡ് ഷോ നടത്തും. പി.കെ.ബഷീര്‍ എം.എല്‍.എ രണ്ടു റോഡ് ഷോയിലും പങ്കെടുക്കും. പിന്നീട് തിരുവമ്പാടി മണ്ഡലത്തിലെ റോഡ് ഷോ മുക്കം ടൗണില്‍ നടക്കും. റോഡ് ഷോകളില്‍ ഘടക കക്ഷികളുടെ നേതാക്കളും ഒപ്പമുണ്ടാകും. എട്ടിനു വയനാട് മണ്ഡലത്തിലെ റോഡ് ഷോകള്‍ ബത്തേരി, കല്‍പറ്റ, മാനന്തവാടി എന്നിവിടങ്ങളില്‍ നടക്കും.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ചരിത്ര സംഭവമാക്കാനുള്ള തീരുമാനത്തിലാണ് കെ.പി.സി.സിയും യു.ഡി.എഫ് ഘടക കക്ഷികളും. റോഡ് ഷോയിലൂടെ കൂടുതല്‍ ജനങ്ങള്‍ക്കു രാഹുല്‍ ഗാന്ധിയെ കാണാന്‍ അവസരം ഒരുങ്ങും. പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കുന്നത്. വയനാട് മണ്ഡലം 4,30,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചത്. കല്‍പറ്റ, മുക്കം എന്നിവിടങ്ങളില്‍ എം.പി ഓഫീസുകള്‍ തുറക്കും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ല ഉള്‍പ്പെട്ട മണ്ഡലത്തിലായതിനാല്‍ നിലമ്പൂര്‍ കേന്ദ്രീകരിച്ച് ഒരു എം.പി ഓഫീസ് കൂടി തുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

pathram:
Related Post
Leave a Comment