കല്ലട സംഭവം; ഡിജിപി ഇടപെടുന്നു; യാത്രയ്ക്കിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍…

തിരുവനന്തപുരം: സുരേഷ് കല്ലട ട്രാവല്‍സിന്റെ ബെംഗലുരുവിലേക്കുള്ള ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഫെയ്‌സ്ബുക്കില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ഔദ്യോഗിക പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കല്ലട ബസ്സില്‍ ഈറോഡില്‍ പഠിക്കുന്ന മലയാളികളായ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ഇമെയില്‍ വഴിയും ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയും പരാതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഇത്തരം പരാതികളുണ്ടാവുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഇവ തടയാന്‍ പൊലീസ് കര്‍ശനമായ പരിശോധന നടത്തുമെന്നും പറഞ്ഞു.

ഡിജിപിയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കല്ലട ട്രാവല്‍സ് എന്ന സ്വകാര്യബസ്സില്‍ രണ്ട് ചെറുപ്പക്കാര്‍ക്ക് മര്‍ദ്ദനമേറ്റ നിര്‍ഭാഗ്യകരമായ സംഭവം ഇ-മെയില്‍ മുഖേനയും ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയും ശ്രദ്ധയില്‍പെടുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റവും തുടര്‍ന്നുള്ള ആക്രമണവും അംഗീകരിക്കാവുന്നതല്ല. ഇത്തരം നടപടികള്‍ക്കെതിരെ പോലീസ് കര്‍ശനമായ നടപടി സ്വീകരിക്കുന്നതാണ്. യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.

pathram:
Leave a Comment