തിരഞ്ഞെടുപ്പ്: ആദായനികുതി റെയ്ഡില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി

ഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി. രണ്ടു ദിവസമായി നടന്ന ആദായനികുതി റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്നും ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. ഇതില്‍ ഒരു ഭാഗം ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫീസിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 20 കോടി രൂപ ഹവാല ഇടപാടിലൂടെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.
ആസൂത്രിതമായി കള്ളപ്പണ ഇടപാടുകള്‍ നടത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ അടുത്ത ബന്ധുവുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. 230 കോടിയുടെ കള്ളപ്പണ ഇടപാട്, 242 കോടിയുടെ വ്യാജ രേഖ ഇടപാട്, 80 കമ്പനികളുടെ നികുതി വെട്ടിപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം കൂടാതെ, കടുവാത്തോല്‍, 252 കുപ്പി മദ്യം, ഏതാനും വെടിക്കോപ്പുകള്‍ തുടങ്ങിയ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹവാല ഇടപാട് സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറുടെ വീട്ടില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡുകള്‍ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ആദായനികുതി റെയ്ഡുകള്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെ ഉള്ളതാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. പരിശോധനകള്‍ക്ക് മുന്‍പ് തിരഞ്ഞെടുപ്പ് കമ്മീഷനെ വിവരം അറിയിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

pathram:
Leave a Comment