ജപ്പാനിലും റിലീസിനൊരുങ്ങി പ്രഭാസ് ചിത്രം സാഹോ

ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ പ്രഭാസ് നായകനാകുന്ന തൃഭാഷാ ചിത്രം സാഹോ ജപ്പാനിലും റീലീസിംഗിനൊരുങ്ങുന്നു. ജപ്പാനില്‍ ഏറെ ആരാധകരുള്ള പ്രഭാസിന്റെ സാഹോ ജാപ്പനീസ് ഭാഷയിലാണ് തിയേറ്ററുകളില്‍ എത്തുക. ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസിംഗിന് ശേഷമായിരിക്കും ജപ്പാനിലെ തിയേറ്ററുകളില്‍ സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ജപ്പാനിലെ സിനിമയുടെ വിതരണാവകാശം ഇതിനകം നല്‍കി കഴിഞ്ഞെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബാഹുബലി ചിത്രത്തിന്റെ പ്രചരണത്തിനായി പ്രഭാസ് ജപ്പാനില്‍ എത്തിയിരുന്നു.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ ഇറങ്ങും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന സാഹോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സുജീത്താണ്. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

pathram:
Related Post
Leave a Comment