കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം; എല്‍ഡിഎഫിന് നാല് സീറ്റ്; തിരുവനന്തപുരത്ത് കുമ്മനത്തിന് സാധ്യത

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്‍തൂക്കം നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി അഭിപ്രായ സര്‍വേ ഫലം. യുഡിഎഫിന് 13 സീറ്റുകളില്‍ മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് മൂന്ന് സീറ്റുകളില്‍ മുന്‍തൂക്കമുണ്ടാകും. യുഡിഎഫിന് പരമാവധി 15 സീറ്റ് വരേയും എല്‍ഡിഎഫിന് 4 സീറ്റ് വരേയും കിട്ടുമെന്ന് സര്‍വേ കണക്കുകൂട്ടുന്നു. എന്‍ഡിഎ ഒരുപക്ഷേ ഒരു സീറ്റ് നേടിയേക്കാം.

4 സീറ്റുകളില്‍ പ്രവചനാതീതമായ ഒപ്പത്തിനൊപ്പം പോരാട്ടമാണ് നടക്കുന്നുവെന്നും സര്‍വേ കണ്ടെത്തി. വടകര, ചാലക്കുടി, മാവേലിക്കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പ്രവചനാതീത പോരാട്ടം നടക്കുന്നത്. ഇവിടങ്ങളില്‍ മത്സരഫലം ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. യുഡിഎഫ് 43 ശതമാനം വോട്ട് നേടുമെന്നും എല്‍ഡിഎഫ് 38 ശതമാനം വോട്ട് നേടുമെന്നും പ്രവചിക്കുന്ന സര്‍വേ എന്‍ഡിഎയ്ക്ക് നല്‍കുന്ന വോട്ട് വിഹിതം 13 ശതമാനമാണ്. മറ്റുള്ളവര്‍ 6 ശതമാനം വോട്ട് നേടും.

പാലക്കാട് എല്‍ഡിഎഫും പൊന്നാനിയില്‍ യുഡിഎഫും ബഹുദൂരം മുന്നിലാണെന്നാണ് സര്‍വേ പറയുന്നത്. 44 ശതമാനം വോട്ടുമായി മലപ്പുറത്തും യുഡിഎഫ് തന്നെ മുന്നില്‍. ആലത്തൂര്‍, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, കോട്ടയം മണ്ഡലങ്ങളില്‍ യുഡിഎഫിനും ആലപ്പുഴയിലും ആറ്റിങ്ങലിലും എല്‍ഡിഎഫിനുമാണ് മേല്‍ക്കൈ. ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 7 വരെ നടന്ന സര്‍വേയുടെ ഫലത്തെ പിന്നീടു മാറിയ സാഹചര്യങ്ങള്‍ സ്വാധീനിക്കാം. 20 മണ്ഡലങ്ങളിലെ 8616 വോട്ടര്‍മാരില്‍ നിന്ന് ബൃഹത്തായ വിവരശേഖരണം നടത്തി തയാറാക്കിയ അഭിപ്രായസര്‍വേ ഫലമാണു പുറത്തുവിട്ടത്.

pathram:
Leave a Comment