കല്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോയ്ക്ക് തുടക്കമായി

കല്പറ്റ: കല്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് തുടക്കമായി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 11.30 ഓടെ വയനാട് കളക്ട്രേറ്റിലെത്തി കളക്ടര്‍ എ.ആര്‍.അജയകുമാറിന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം കല്പറ്റയില്‍ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു. സുരക്ഷാ കാണങ്ങളെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പ്രദേശത്ത് നിന്ന് മാറിയാണ് റോഡ് ഷോ നടത്തിയത്.

11 മണിയോടെ കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ മൈതാനിയില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങിയ രാഹുലിനെ വരവേല്‍ക്കാന്‍ ആയിരങ്ങളാണ് എത്തിയിരുന്നത്. തുറന്ന വാഹനത്തിലാണ് പത്രിക സമര്‍പ്പിക്കുന്നതിനായി അദ്ദേഹം കളക്ട്രേറ്റിലേക്കെത്തിയത്.
കല്പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ നടത്തുന്നത്. തുടര്‍ന്ന് തിരിച്ച് കരിപ്പൂരിലെത്തി രാഹുല്‍ പ്രചാരണ പരിപാടിക്കായി നാഗ്പൂരിലേക്ക് പോകും. പ്രിയങ്ക ഡല്‍ഹിയിലേക്കാകും മടങ്ങുക.

കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം രാഹുല്‍ എത്തുന്നതിന് മുമ്പേ വയനാട്ടിലെത്തി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. 10.45 ഓടെയാണ് കോഴിക്കോട് വിക്രം മൈതാനിയില്‍ നിന്ന് അദ്ദേഹം വയനാട്ടിലേക്ക് തിരിച്ചത്.
10.30 ഓടെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ രാഹുല്‍ സമീപത്ത് കൂടിയിരുന്നവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി കാറില്‍ നിന്നിറങ്ങിയെത്തിയത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി.

pathram:
Leave a Comment