എ. വിജയരാഘവനെതിരെ രമ്യാ ഹരിദാസ് നല്‍കിയ പരാതി ഡിവൈ.എസ്.പി.അന്വേഷിക്കും

തിരുവവന്തപുരം: ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ കോഴിക്കോട്ടും പൊന്നാനിയിലും നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് നല്‍കിയ പരാതി തിരൂര്‍ ഡിവൈ.എസ്.പി.അന്വേഷിക്കും. മലപ്പുറം എസ്.പി.യാണ് അന്വേഷണ ചുമതല തിരൂര്‍ ഡിവൈ.എസ്.പി.ക്ക് കൈമാറിയത്. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദേശം.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ആലത്തൂര്‍ ഡിവൈ.എസ്.പിക്കും കഴിഞ്ഞ ദിവസമാണ് രമ്യാഹരിദാസ് പരാതി നല്‍കിയത്. സ്ത്രീത്വത്തെയും അഭിമാനത്തെയും സമൂഹത്തില്‍ തനിക്കുള്ള സ്വീകാര്യതയെയും കളങ്കപ്പെടുത്തുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ പ്രസംഗിച്ചെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പട്ടികജാതിവര്‍ഗ പീഡന നിരോധന നിയമനുസരിച്ചും ജനപ്രാതിനിധ്യ നിയമനുസരിച്ചും പ്രസ്താവനക്കെതിരേ നടപടിവേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ പരാതി ആലത്തൂര്‍ ഡിവൈഎസ്പി മലപ്പുറം എസ്പിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് മലപ്പുറം എസ്പി തിരൂര്‍ ഡിവൈ.എസ്.പിയെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. സമാനമായ പരാതി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹറക്കും നല്‍കിയിട്ടുണ്ട്. ഈ പരാതി തൃശൂര്‍ റെയ്ഞ്ച് ഐജിക്ക് ഡിജിപി കൈമാറിയിട്ടുണ്ട്. രണ്ട് പരാതികളും തിരൂര്‍ ഡിവൈഎസ്പി തന്നെ അന്വേഷിക്കുമെന്നാണ് സൂചന.
പരാമര്‍ശത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡന്റ് മുനീര്‍ മാറഞ്ചേരി പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

pathram:
Leave a Comment