മോദിയും അമിത്ഷായും വയനാട്ടില്‍ എത്തും

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയശ്രദ്ധ നേടിയ വയനാട്ടില്‍ ഇത്തവണ തീപാറുന്ന പ്രചാരണമാവും നടക്കുക. രാഹുല്‍ഗാന്ധി വ്യാഴാഴ്ച പത്രിക നല്‍കാനെത്തും. ഇതോടെ വയനാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രംഗം ആവേശക്കൊടുമുടിയേറും. ഇതിന് പിന്നാലെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കം മണ്ഡലത്തിലെത്തുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളുടെ പ്രതീക്ഷ.

വ്യാഴാഴ്ച രാവിലെ കല്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് റോഡ് ഷോ ആയാണ് രാഹുലും നേതാക്കളും കളക്ടറേറ്റിലേക്ക് പോവുക. പ്രിയങ്കാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളും രാഹുലിനെ അനുഗമിക്കാനെത്തുന്നതോടെ മണ്ഡലമാകെ ഇളകിമറിയുമെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങളുടെ പ്രതീക്ഷ. പത്രിക നല്‍കിയശേഷം മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകരെ രാഹുല്‍ അഭിസംബോധന ചെയ്യും. കളക്ടറേറ്റിന് സമീപമുള്ള ഓഡിറ്റോറിയത്തിലാവും ഇത്. തുടര്‍ന്നുള്ള പ്രചാരണപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച കോഴിക്കോട്ട് യോഗം ചേരും.

സി.പി.എമ്മും സി.പി.ഐ.യും ചൊവ്വാഴ്ച പ്രധാനപ്രവര്‍ത്തകരുടെ യോഗങ്ങള്‍ വെവ്വേറെ വിളിച്ചുചേര്‍ത്തു. സംസ്ഥാന സെക്രട്ടറിമാരായ കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ പ്രചാരണരൂപരേഖ തയ്യാറാക്കാന്‍ ചേര്‍ന്ന യോഗങ്ങളില്‍ പങ്കെടുക്കാനെത്തി. ബൂത്ത്, ബ്രാഞ്ച് സെക്രട്ടറിമാര്‍, ലോക്കല്‍, ഏരിയ, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണ് മണ്ഡലത്തില്‍ രണ്ടിടത്തായി ചേര്‍ന്ന സി.പി.എം. യോഗങ്ങളില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരാണ് സി.പി.ഐ. യോഗത്തില്‍ പങ്കെടുത്തത്. ചൊവ്വാഴ്ച സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ മണ്ഡലത്തിലെത്തുന്നുണ്ട്. സംസ്ഥാന മന്ത്രിമാരും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവര്‍ അടുത്തദിവസങ്ങളില്‍ എത്തും.

pathram:
Leave a Comment