അമ്മയും മകളും മരിച്ച സംഭവം പ്രതി അറസ്റ്റില്‍

മുണ്ടക്കയം : കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു വ്യക്തമായി. ചിലമ്പികുന്നേല്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ (80) മകള്‍ സിനി (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാത്തന്‍പ്ലാപ്പള്ളി സ്വദേശി സജിയെ (35) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.സജിയുടെ സഹോദരന്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കളോടു നടത്തിയ വെളിപ്പെടുത്തലാണു കേസില്‍ വഴിത്തിരിവായത്. പൊലീസ് സംശയിക്കുന്നതറിഞ്ഞ സജി വിഷം കഴിച്ച് ആത്മഹത്യാശ്രമവും നടത്തി. അന്വേഷണം സജിയിലേക്കെത്താന്‍ ഇതും കാരണമായി. സിനി അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി എന്നായിരുന്നു പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടിയില്‍ സിനിയുടെയും തങ്കമ്മയുടെയും തലയില്‍ അടിയേറ്റ തരത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയതോടെയാണു സംഭവം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇരുവരുടെയും തലയോട്ടിയില്‍ ആഴത്തില്‍ മുറിവുകളുണ്ടെന്ന കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.പ്രദേശത്തുള്ള ചില ഇതരസംസ്ഥാന തൊഴിലാളികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. സിനിയുമായി അടുപ്പമുണ്ടായിരുന്ന സജിയോട് വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അമ്മയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചാണു സജി ഇരുവരെയും കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.ആറു വര്‍ഷം മുന്‍പ് തങ്കമ്മയുടെ ഭര്‍ത്താവ് കുട്ടപ്പന്‍ മരിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്തിയ സിനിയും മാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. പ്ലാപ്പള്ളിയില്‍ പ്രധാന റോഡില്‍ നിന്നും 400 മീറ്റര്‍ മുകളിലാണു ഇവര്‍ താമസിക്കുന്ന വീട്. അയല്‍പക്കത്ത് മറ്റു വീടുകള്‍ ഇല്ല. കടുത്ത മദ്യപാനം മൂലം സജിയെ ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. സജിയായിരുന്നു തങ്കമ്മയുടെ പറമ്പിലെ ജോലികള്‍ ചെയ്തിരുന്നത്. ഈ ബന്ധം മുതലെടുത്തു സജി സിനിയുമായി അടുപ്പത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സജിയെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment