രാഹുല്‍ വയനാട്ടില്‍ തന്നെ…? പ്രിയങ്ക വാരാണസിയില്‍..!! പുതിയ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകള്‍ വീണ്ടും സജീവമാകുന്നു. കര്‍ണാടകത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് അനുകൂലമല്ല എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ ഉയര്‍ന്നുവരുന്നുവെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടിലും പ്രിയങ്ക ഗാന്ധിയെ വാരാണസിയിലും മത്സരിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് ഹൈക്കമാന്‍ഡില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹം സുരക്ഷിത മണ്ഡലം തേടിപ്പോയെന്ന് ബിജെപി പ്രചാരണം നടത്തും. ഇത് മറികടക്കാന്‍ പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ട് വാരാണസിയില്‍ മത്സരിച്ചുകൂട എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പ്രിയങ്ക ആണെന്ന് രാഹുല്‍ ഗാന്ധി പറയുകയും ചെയ്തതോടെയാണ് ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.

വാരാണസിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്തിറക്കിയാല്‍ മോദിയെ മണ്ഡലത്തില്‍ തളച്ചിടാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ഇത് മറ്റ് സീറ്റുകളിലെ ബിജപിയുടെ സാധ്യതകളെ കുറയ്ക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്നും കണക്കുകൂട്ടുന്നു.

കര്‍ണാടകയിലെ രണ്ടുമണ്ഡലങ്ങളാണ് രാഹുല്‍ ഗാന്ധിക്കായി കണ്ടുവെച്ചിരുന്നത്. ഈ രണ്ടുമണ്ഡലങ്ങളിലെ ജയസാധ്യത സംബന്ധിച്ചും നേരിയ ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഈയൊരു ഘട്ടത്തിലാണ് വയനാട് എന്ന സാധ്യതയിലേക്ക് വീണ്ടും ചര്‍ച്ചകള്‍ എത്തുന്നത്. അങ്ങനെയെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള മണ്ഡലമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിജയിക്കാന്‍ വേണ്ടി തിരഞ്ഞെടുത്തത് എന്ന് ബിജെപി വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തും. മറ്റൊന്ന് ബിജെപിയെ നേരിടാന്‍ സാധിക്കാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒളിച്ചോടിയെന്ന പ്രചാരണവും അവര്‍ നടത്തും.

ഇതിനെ മറികടക്കാന്‍ വാരാണസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നു. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

pathram:
Leave a Comment