ചുവടുറപ്പിക്കാന്‍ ചാഴിക്കാടന്‍; സജീവമായി ജോസഫ് സാന്നിധ്യം; പ്രചരണത്തില്‍ എല്‍ഡിഎഫ് പിറകില്‍

ഓരോ ദിവസം കഴിയുംതോറും കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടേറുകയാണ്. കോട്ടയം മണ്ഡലം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിലേക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്.

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ യു.ഡി.എഫിന് മേല്‍കൈയ്യുള്ള മണ്ഡലമാണ് കോട്ടയം. ഇടത് പക്ഷവും അട്ടിമറികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ സാഹചര്യം അല്‍പം വ്യത്യസ്തമാണ്. ശബരിമലയും ചര്‍ച്ച് ആക്ടും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന മണ്ഡലമായതിനാല്‍ അട്ടിമറികള്‍ നടക്കാനുള്ള സാധ്യതയുമുണ്ട്.

ശക്തമായ ത്രികോണ മത്സരം ഉണ്ടാവുമെങ്കില്‍ കൂടി യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ വിജയക്കൊടി പാറിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് പിജെ ജോസഫ്, തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനെത്തിയത് യുഡിഎഫിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പിജെ ജോസഫ് ഒടുവില്‍ പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങുകയായിരുന്നു. തോമസ് ചാഴിക്കാടന്റെ ജനപ്രീതിക്കുമുന്നില്‍ ജോസഫ് വിഭാഗത്തിന് മറുത്തൊന്നും ചെയ്യാനായില്ല എന്നതു തന്നെയാണ് സത്യം.

കോട്ടയത്ത് നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ എത്തും മുന്‍പേ പിജെ ജോസഫ് എത്തി. മോന്‍സ് ജോസഫിനൊപ്പമെത്തിയ പിജെയെ ജോസ് കെ. മാണി ഉള്‍പ്പടെയുള്ളവരാണ് സ്വീകരിച്ചത്. വലിയ കരഘോഷത്തോടയാണ് പി ജെ ജോസഫിനെ വേദിയിലേക്ക് സ്വീകരിച്ചത്.

ജാള്യതയുമായാണ് ജോസഫ് എത്തിയത്. എന്നാല്‍ വേദിയിലെത്തിയ സ്ഥാനാര്‍ഥി തോമസ് ചാഴികാടനെ കെട്ടിപ്പുണര്‍ന്നാണ് പി.ജെ ജോസഫ് സ്വീകരിച്ചത്. യുഡിഎഫ് എംഎല്‍എമാരുടെ ഭൂരിപക്ഷത്തേക്കാള്‍ വോട്ട് നേടുമെന്ന് പിജെ ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ഥിത്വം ലഭിക്കാതെ വന്നതോടെ ഇടഞ്ഞ പി.ജെയെ തോമസ് ചാഴികാടന്‍ നേരിട്ടെത്തി കണ്ടാണ് പ്രചരണത്തിന് എത്തിച്ചത്. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള അനുയായികളും ജോസഫിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

അതേസമയം പ്രചരണ രംഗത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെക്കാള്‍ ബഹുദൂരം മുന്നിലാണ് തോമസ് ചാഴിക്കാടന്‍. സ്ത്രീ വോട്ടര്‍മാരും യുവാക്കളും തോമസ് ചാഴിക്കാടനു പിന്തുണ വാഗ്ദാനം ചെയ്യുന്നതും യുഡിഎഫ് ക്യാമ്പിനു ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഗ്രൂപ്പ് മറന്ന് യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് ക്യാമ്പില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.

pathram:
Related Post
Leave a Comment