ഇന്ത്യയില്‍ യുഎസ് ആറ് ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആറ് അമേരിക്കന്‍ ആണവോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാന്‍ ധാരണയായതായി ഇരു രാജ്യങ്ങളും ബുധനാഴ്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. രാജ്യസുരക്ഷയും ആണവോര്‍ജ സഹവര്‍ത്തിത്വവും ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തീരുമാനത്തിലെത്തിയതെന്നും പ്രസ്താവന പറയുന്നു.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും യുഎസ് ആയുധനിയന്ത്രണ-അന്താരാഷ്ട്ര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയുള്ള ആന്‍ഡ്രിയ തോംപ്സണും തമ്മില്‍ വാഷിങ്ടണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.

രാജ്യത്തിന്റെ ആവശ്യത്തിനനുസൃതമായുള്ള ഇന്ധനലഭ്യത ഈ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഉറപ്പു വരുത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. ഒരു പതിറ്റാണ്ടായി ഇക്കാര്യത്തില്‍ നടത്തി വരുന്ന നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം നിലവില്‍ വന്നത്. ഇന്ത്യയുടെ ആഭ്യന്തര നയങ്ങളും അന്താരാഷ്ട്ര നയങ്ങളും തമ്മിലുള്ള ചില പൊരുത്തക്കേടുകള്‍ ഇക്കാര്യത്തില്‍ വിഘ്നം സൃഷ്ടിച്ചിരുന്നു.

പിറ്റസ്ബര്‍ഗ് ആസ്ഥാനമായ വെസ്റ്റിങ് ഹൗസ് ഇന്ത്യയില്‍ ആണവറിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും 2017 ല്‍ വെസ്റ്റിങ് ഹൗസിന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് തടസമായി. 2016 ല്‍ റിയാക്ടറുകള്‍ നിര്‍മിക്കാനുള്ള കരാര്‍ പ്രഖ്യാപിച്ചെങ്കിലും പദ്ധതിയില്‍ പുരോഗതി ഉണ്ടായില്ല.

2024 ഓടെ രാജ്യത്തിന്റെ ആണവോര്‍ജ ശേഷി മൂന്നിരട്ടിയാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ആണവ റിയാക്ടറുകല്‍ സ്ഥാപിക്കാന്‍ റഷ്യയുമായും ഇന്ത്യ കഴിഞ്ഞ ഒക്ടോബറില്‍ കരാര്‍ ഒപ്പു വെച്ചിരുന്നു. നിലയങ്ങള്‍ എവിടെയാണ്, ശേഷി എത്ര തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

pathram:
Leave a Comment