ആദ്യ ഏകദിനം: ഇന്ത്യയ്ക്ക് 237 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 237 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖ്വാജയും 40 റണ്‍സടിച്ച മാക്‌സ്‌വെല്ലുമാണ് ഓസീസ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ആരോണ്‍ ഫിഞ്ചിനെ ബുംറ ധോനിയുടെ കൈയിലെത്തിക്കുകയായിരുന്നു. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് റണ്ണൊന്നും നേടാനായില്ല. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഖ്വാജയും സ്‌റ്റോയിന്‍സും ഒത്തുചേര്‍ന്നു. ഇരുവരും 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌റ്റോയിന്‍സിനെ (53 പന്തില്‍ 37 റണ്‍സ്) പുറത്താക്കി കേദര്‍ ജാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു.

അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഉസ്മാന്‍ ഖ്വാജയും പുറത്തായി. 76 പന്തില്‍ 50 റണ്‍സെടുത്ത ഖ്വാജയെ കുല്‍ദീപ് യാദവാണ് തിരിച്ചയച്ചത്. 76 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കമായിരുന്നു ഖ്വാജയുടെ 50 റണ്‍സ്.

ഹാന്‍സ്‌കോമ്പ് 19 റണ്‍സിന് പുറത്തായപ്പോള്‍ 21 റണ്‍സടിച്ച ടേണറിനെ മുഹമ്മദ് ഷമി പുറത്താക്കി. മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന മാക്‌സ്‌വെല്ലിനേയും ഷമി തിരിച്ചയച്ചു. 51 പന്തില്‍ 40 റണ്‍സായിരുന്നു മാക്‌സ് വെല്ലിന്റെ സമ്പാദ്യം. ഇതോടെ ആറു വിക്കറ്റിന് 173 റണ്‍സെന്ന നിലയിലായി ഓസീസ്.

പിന്നീട് ഏഴാം വിക്കറ്റില്‍ നഥാന്‍ കോള്‍ട്ടെര്‍ നിലും അലെക്‌സ് കാരിയും 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 200 റണ്‍സ് പിന്നിട്ടു. കോള്‍ട്ടെര്‍ നില്‍ 28 റണ്‍സും അലെക്‌സ് കാരി 36 റണ്‍സുമാണ് അടിച്ചെടുത്തത്.

pathram:
Leave a Comment