അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊലപ്പെടുത്തി; സിപിഎം നേതാവിന്റെ മൊഴി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ മൊഴി പുറത്ത്. നിരാശ പൂണ്ടാണ് ഇരുവരെയും കൊന്നതെന്ന് പീതാംബരന്‍ പറഞ്ഞു. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ നിരാശ ഉണ്ടാക്കി. പാര്‍ട്ടിയില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രകോപിപ്പിച്ചെന്ന് പീതാംബരന്‍ മൊഴി നല്‍കി. ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും കിട്ടാത്തതോടെ തിരിച്ചടിക്കാന്‍ തീരുമാനിച്ചു. അപമാനം സഹിക്കാന്‍ കഴിയാത്തത് മൂലം കൊല ആസൂത്രണം ചെയ്തതായും പീതാംബരന്‍ മൊഴി നല്‍കി.

പ്രതികളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മൊഴികള്‍ പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. മൊഴികളില്‍ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യല്‍.

അറസ്റ്റിലായ പീതാംബരന്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ വര്‍ഷം ഇരിയയിലെ വീടുകത്തിക്കല്‍, കല്യോട്ടെ വാദ്യകലാസംഘം ഓഫീസിന് തീയിടല്‍, പെരിയ മൂരിയാനത്തെ മഹേഷിനെ തലയ്ക്കടിച്ച സംഭവം തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുക.

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്!ലാലും. കൃപേഷുള്‍പ്പടെയുള്ളവരെ ക്യാംപസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

pathram:
Leave a Comment