ആക്രമണത്തില്‍ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്നു ഇറാന്‍

ടെഹ്‌റാന്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, പാകിസ്താന് മുന്നറിയിപ്പുമായി ഇറാനും രംഗത്ത്. ആക്രമണത്തില്‍ കനത്ത വില പാകിസ്താന് നല്‍കേണ്ടി വരുമെന്നും ഇറാന്‍ താക്കീത് നല്‍കി. പാക് ഭീകരവാദം അവസാനിപ്പിച്ചേ മതിയാകൂ എന്ന് ഇറാന്‍ പറഞ്ഞു.

അതേസമയം, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ടെഹ്റാനിലെത്തി ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തി. ഭീകരവാദത്തിനെതിരെ ഒന്നിച്ച് നീങ്ങാന്‍ ധാരണയായി.

കഴിഞ്ഞ ബുധനാഴ്ച ഇറാനിലുണ്ടായ ഭീകരാക്രമണത്തില്‍ 27 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നിലും പാകിസ്താനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്താന്‍ സന്ദര്‍ശനത്തിന് മുന്നോടിയായിരുന്നു ആക്രമണം. പാകിസ്താനുമായി ആയിരം കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഇറാന്‍. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രി കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ഇന്ത്യയ്ക്കു ലഭിച്ചു.

ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഘാസി ആണെന്നു വ്യക്തമായിട്ടുണ്ട്. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് ഇയാള്‍. ആക്രമണത്തിനു പിന്നാലെ ഇയാള്‍ക്കായി തെക്കന്‍ കശ്മീരില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. പുല്‍വാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്.

പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ വെച്ചാണ് മസൂദ് അസര്‍ ഇന്ത്യന്‍ സേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം ജെയ്ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവും ലഭിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികദിനമായ ഫെബ്രുവരി ഒന്‍പതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തില്‍ സൂചനകള്‍ ഇന്റലിജന്‍സിനു ലഭിച്ചിരുന്നു. ഇന്ത്യയെ കരയിക്കാന്‍ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഘാസിയെ ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന.

pathram:
Leave a Comment