കൂത്തുപറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന ചൊക്ലിയിലെ സുനില്‍ എന്ന കൊടിസുനിയെ (38) കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശ്ശൂരിലെ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തില്‍ പങ്കാളിയാവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ജനുവരി 13-നായിരുന്നു സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോര്‍ട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും മൊബൈല്‍ഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരന്‍ മറ്റൊരാള്‍ക്ക് നല്‍കാനായി ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്. കൊടിസുനി ഉള്‍പ്പെടെ ഒന്‍പത് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ നാലുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ജയിലില്‍ കഴിയുകയായിരുന്ന സുനില്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. പോലീസ് നല്‍കിയ അപേക്ഷപ്രകാരം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറന്റ് ഉത്തരവിട്ടത്. കേസില്‍ കൊടിസുനിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അപേക്ഷപ്രകാരം ഇയാളെ രണ്ടുദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Leave a Comment