ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുന്നത് പതിവാണ്; ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്; പ്രതികരണവുമായി എംഎല്‍എ

മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. അതേസമയം സബ്കളക്ടര്‍ രേണു രാജ് സ്‌റ്റോപ് മെമ്മോ നല്‍കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂവകുപ്പിന്റെ എന്‍ഒസി വേണം എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ ഭാര്യയേയും മക്കളേയും ‘അവള്‍’ എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. താന്‍ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് താന്‍ കരുതുന്നത്. എങ്കിലും സ്ത്രീസമൂഹത്തിന് തന്റെ പരാമര്‍ശത്തില്‍ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എസ് രാജേന്ദ്രന്റെ പ്രതികരണം. എന്നാല്‍ മറ്റ് കാര്യങ്ങളില്‍ തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും എംഎല്‍എ പറഞ്ഞു. സബ് കളക്ടര്‍ക്ക് പ്രയോഗികബുദ്ധി ഇല്ല. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സബ് കളക്ടര്‍ തടസ്സം നില്‍ക്കുന്നത് ശരിയല്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

സബ് കളക്ടര്‍ക്കെതിരായ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാ ഘടകം പരസ്യമായി രംഗത്തെത്തിയിരുന്നു. എംഎല്‍എയുടെ പെരുമാറ്റത്തില്‍ സിപിഎം ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ക്കും കടുത്ത വിയോജിപ്പുണ്ട്. രാജേന്ദ്രന്റെ പെരുമാറ്റത്തെപ്പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും തെറ്റായ നടപടികള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പറഞ്ഞു. സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും പ്രതികരിച്ചു. വിവാദത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ടതോടെ ഖേദം പ്രകടിപ്പിക്കാന്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ നിര്‍ബന്ധിതനാവുകയായിരുന്നു.

”അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്.. ഏതാണ്ട് ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്ക്ന്ന്.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിംഗ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.. അവള്ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല.. അവള്‌ടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം.. ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ..” എന്നാണ് ദേവികുളം സബ്കളക്ടറെക്കുറിച്ച് എസ് രാജേന്ദ്രന്‍ പറഞ്ഞത്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാര്‍ക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ്ബ് കളക്ടര്‍ രേണു രാജിന്റെ നടപടി. ഇതിനെ തുടര്‍ന്നാണ് എംഎല്‍എ ഇടപെട്ട് പ്രശ്‌നമുണ്ടാക്കിയത്.

pathram:
Leave a Comment