ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല; വിലക്ക് ഭരണഘടനാ ലംഘനം; പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ വാദം

ന്യൂഡല്‍ഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും പുനഃപരിശോധന വേണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പുനഃപരിശോധന ഹര്‍ജികളുമായി കോടതിയെ സമീപിച്ചവര്‍ അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്നും സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു.

ഹിന്ദു ആചാരപ്രകാരം സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെടുന്നില്ല. ഓരോ മനുഷ്യനും ആരാധിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ആര്‍ട്ടിക്കിള്‍ 25 ലംഘിക്കപ്പെട്ടു. റൂള്‍ 3(ബി) പ്രകാരമുള്ള പൊതുഇടങ്ങളിലെ ആരാധനാസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയില്‍ പറയുന്നുണ്ട്. ആചാരങ്ങളില്‍ വിവേചനം പാടില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍.

ഭരണഘടനാതത്വം ലംഘിക്കുന്നതായിരുന്നു യുവതി പ്രവേശന വിലക്കെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാന്‍ കഴിയില്ല. തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങള്‍ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

അതേ സമയം രാമകൃഷ്ണ മഠവും, ശിരൂര്‍ മഠവും പ്രത്യേക വിഭാഗങ്ങളെന്നും ആചാരങ്ങളില്‍ കോടതിക്ക് ഇടപെടാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ആചാര കാര്യത്തില്‍ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉള്ള ശ്രമമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

pathram:
Leave a Comment