തിരുവനന്തപുരത്ത്‌ മോഹന്‍ലാലും സുരേഷ്‌ഗോപിയുമില്ല

കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയനേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന വെല്ലുവിളി ബിജെപി ഏറ്റെടുക്കാനൊരുങ്ങുന്നു. കേരളത്തില്‍ വിജയം ലക്ഷ്യമിടുന്ന അഞ്ചു മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരത്ത് പ്രതിരോധ മന്ത്രിയെ തന്നെ ബിജെപി ഇറക്കിയേക്കുമെന്ന് സൂചന. നിര്‍മ്മലാസീതാരാമനെ കേരളത്തില്‍ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കത്തയച്ചതായിട്ടാണ് വിവരം.
നിലവിലെ എംപി ശശി തരൂരിനെതിരേ ശക്തനായ എതിരാളി വേണമെന്ന തിരിച്ചറിവിലാണ് ബിജെപി നിര്‍മ്മലാസീതാരാമനെ പരീക്ഷിക്കാനൊരുങ്ങുന്നത്. മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, നടന്‍ മോഹന്‍ലാല്‍, എംപി സുരേഷ് ഗോപി എന്നിവരെല്ലൊം തിരുവനന്തപുരം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉയര്‍ന്നു കേട്ടിരുന്നു. മോഡി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിതല സമിതിയിലെ അംഗമാണ് എന്നതിനാല്‍ നിര്‍മ്മല സീതാരാമന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം. ദേശീയ നേതാക്കളുടെ സാന്നിദ്ധ്യവും ശ്രദ്ധയും സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നാണ് ബിജെപി പ്രതീക്ഷ.
തമിഴ്നാട് സ്വദേശിനി ആയതിനാല്‍ കേരളത്തിലെ പ്രശ്നങ്ങള്‍ നന്നായി അറിയാവുന്നയാളാണ് നിര്‍മ്മലാ സീതാരാമന്‍. മുമ്പ് ഓഖി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിഴിഞ്ഞം സന്ദര്‍ശിച്ച ഇവര്‍ നേടിയ കയ്യടി ബിജെപി നേതൃത്വം പ്രത്യേകമായി എടുത്തുകാട്ടുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം നേരിട്ടപ്പോഴായിരുന്നു നിര്‍മ്മലാസീതാരാമന് കടലോര ജനത ചെവി കൊടുത്തത്.
സംസ്ഥാനത്ത് ബിജെപിയ്ക്ക് ഏറ്റവും വേരോട്ടമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. നിയമസഭയിലേക്ക് നേമത്ത് നിന്നും അക്കൗണ്ട് തുറന്ന ബിജെപി കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാംസ്ഥാനത്തെത്തിയ ബിജെപി, കഴക്കൂട്ടത്തും ശക്തി തെളിയിച്ചിരുന്നു. വെറും 15,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ശശിതരൂര്‍ ഇവിടെ നിന്നും ജയിച്ചത്. 2,97,806 വോട്ടുകള്‍ മൊത്തം നേടിയ ശശി തരൂരിന് 34 ശതമാനം വോട്ടാണ് നേടാന്‍ കഴിഞ്ഞത്. 2,82,336 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് എത്തിയ ഒ രാജഗോപാല്‍ 32 ശതമാനത്തോളം വോട്ട് പിടിക്കുകയും ചെയ്തിരുന്നു. വന്‍ വിവാദത്തിന് പിന്നാലെ സിപിഐ യ്ക്ക് വേണ്ടി മത്സരിച്ച ബെന്നറ്റ് ഏബ്രഹാമിന് നേടാനായത് 2,48,941 ആയിരുന്നു.
ബിജെപി ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത് കരുത്തരായ സ്ഥാനാര്‍ത്ഥി വേണമെന്നതായിരുന്നു കാഴ്ചപ്പാട്. വിജയസാധ്യത കണക്കുകൂട്ടി നടന്മാരായാ സുരേഷ്ഗോപിയെയും മോഹന്‍ലാലിനെയും വരെ പരിഗണിച്ച ശേഷമാണ് നിര്‍മ്മലയിലേക്ക് എത്തി നില്‍ക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ സ്ഥാനം രാജി വെപ്പിച്ച് മത്സരിപ്പിക്കണം എന്ന് വരെ ആവശ്യം ഉയര്‍ന്നു. എന്നാല്‍ ശബരിമലയില്‍ സര്‍ക്കാരിനെതിരേ നില നില്‍ക്കുന്ന പ്രതിഷേധവും വോട്ടായി മാറുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോള്‍ കരുത്തയായ നേതാവ് തന്നെ മല്‍സരിക്കാന്‍ എത്തുന്നത്, കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനും, വിജയസാധ്യത പതിന്മടങ്ങ് വര്‍ധിക്കാനും ഇടയാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
തമിഴ്നാട്ടിലെ മധുര സ്വദേശിനിയാണ് നിര്‍മ്മല. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, അഡ്വ. പിഎസ് ശ്രീധരന്‍പിള്ള എന്നിവരാണ് ബിജെപി പരിഗണിച്ച മറ്റു ചില പേരുകള്‍. ശശി തരൂര്‍ തന്നെ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇടതുപക്ഷത്ത് സിപിഐയുടെ മണ്ഡലമാണ് തിരുവനന്തപുരം. ഇവിടേക്ക് പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് പുറമെ, പൊതുസമ്മതരെയും എല്‍ഡിഎഫ് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

pathram:
Leave a Comment