പ്രതികാരം തുടുരുന്നു… ചൈത്രയ്‌ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഐ.പി.എസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായി പൊതുസമൂഹത്തില്‍ പാര്‍ട്ടിയെ അപമാനിക്കാനായി അനാവശ്യമായി ഓഫീസില്‍ കയറിയെന്ന് കാണിച്ച് സിപിഐഎം പരാതി നല്‍കി. പരാതിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇല്ലാതയായിരുന്നു പരിശോധനയെന്ന് വരുത്താനും പാര്‍ട്ടി നീക്കം തുടങ്ങി.

മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ പിടിക്കാനായാണ് തിരുവനന്തപുരം സിറ്റി ഡിസിപിയുടെ ചുമതലയുണ്ടായിരുന്നു ചൈത്ര തെരേസ ജോണ്‍ വ്യാഴാഴ്ച രാത്രി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറി പരിശോധിച്ചത്. പൊലീസിന്റെ നിയമപരമായ അധികാരമാണ് ചൈത്ര ഉപയോഗിച്ചതെങ്കിലും അച്ചടക്കനടപടിക്ക് വഴി ഒരുക്കാനുള്ള ശ്രമമാണ് സി.പി.ഐഎം നടത്തുന്നത്. ഇതിന്റെ മുന്നോടിയായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും രേഖാമൂലം പരാതി നല്‍കി.

കോടതി ഉത്തരവില്ലാതെ അനാവശ്യമായി പാര്‍ട്ടി ഓഫീസില്‍ കയറി പരിശോധിച്ചെന്നും പ്രതികളെ സി.പി.ഐ.എം ഒളിപ്പിക്കുന്നുവെന്ന് വരുത്തി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ചൈത്രയുടെ ലക്ഷ്യമെന്നുമാണ് പരാതി. നിയമസാധുതയില്ലാത്ത പരാതിയായിട്ട് കൂടി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വകുപ്പ് തല അന്വേഷണവും തുടങ്ങി. ചൈത്രയുടെ വിശദീകരണവും തേടി. പ്രതികള്‍ പാര്‍ട്ടി ഓഫീസിലുണ്ടെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നൂ പരിശോധനയെന്നായിരുന്നു ആദ്യദിവസത്തെ വിശദീകരണം. എന്നാല്‍ അങ്ങിനെയൊരു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്ലായിരുന്നുവെന്നാണ് ഇപ്പോള്‍ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചൈത്രയുടെ നേതൃത്വത്തിലെ സംഘം വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മുഖ്യപ്രതിയുടെ വീട്ടിലെത്തിയെന്നും, പ്രതി പാര്‍ട്ടി ഓഫീസിലുണ്ടാകുമെന്ന് പ്രതിയുടെ അമ്മ പറഞ്ഞത് വിശ്വസിച്ചാണ് ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറിയതെന്നുമാണ് പുതിയ വിശദീകരണം. ചൈത്ര ഇത് സമ്മതിച്ചതായും വാദിക്കുന്നുണ്ട്. വകുപ്പ്തല അന്വേഷണത്തില്‍ ഇത്തരം റിപ്പോര്‍ട്ട് വന്നാല്‍ പ്രതിയുടെ ബന്ധുവിന്റെ വാക്ക് വിശ്വസിച്ചുള്ള അനാവശ്യനടപടിയെന്ന് വരുത്തി തുടര്‍നടപടിക്കാണ് സി.പി.എമ്മിന്റെ നീക്കം.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ചൈത്രയ്ക്ക് വന്‍ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വനിതാ ഉദ്യോഗസ്ഥയ്‌ക്കെതിരേ പ്രതികാരം തീര്‍ക്കുന്നതില്‍ വ്യാപക പ്രതിഷേധവുമുണ്ട്. വനിതാമതിലും സിപിഎമ്മിന്റെ ഇപ്പോഴത്തെ നടപടികളും ചേര്‍ത്തുകൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

pathram:
Related Post
Leave a Comment