മകരവിളക്ക് ഇന്ന്

ശബരിമല: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നു മകരവിളക്ക്. അയ്യപ്പന് മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്താനായി പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്നു പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയും.

ഇത്തവണത്തെ മകരസംക്രമ പൂജ വൈകിട്ട് 7.52ന് ആണ്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നു ദൂതന്‍ വശംകൊടുത്തുവിട്ട അയ്യപ്പമുദ്രയിലെ നെയ്യാണ് അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റും. തുടര്‍ന്നു വീണ്ടും ചാര്‍ത്തിയാണ് മകരസംക്രമ പൂജ നടക്കുക. വലിയ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. തീര്‍ഥാടകരുടെ മടക്കയാത്രക്ക് കെഎസ്ആര്‍ടിസി 1300 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.

pathram:
Leave a Comment