രോഹിത്തിന്റെ സെഞ്ച്വറിയുമായി ഇന്ത്യ പൊരുതുന്നു; നാല് റണ്‍സെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റ്

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ ബാറ്റിങ് തകര്‍ച്ചയില്‍നിന്നു സെഞ്ച്വറിയിലൂടെ കരകയറ്റാന്‍ ശ്രമിക്കുകയാണ് രോഹിത്ത് ശര്‍മ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 40 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ്. 100 റണ്‍സുമായി രോഹിത് ശര്‍മയും 1 റണ്ണുമായി ജഡേജയുമാണ് ക്രീസില്‍. വിജയത്തിലേക്ക് ഇന്ത്യയ്ക്ക് ഇനിയും 108 റണ്‍സ് കൂടി വേണം.
നാലു റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരാണ് പുറത്തായത്. ഇപ്പോള്‍ ഇന്ത്യ പൊരുതുകയാണ്. 51 റണ്‍സെടുത്ത ധോനിയാണ് രോഹിത്ത് ശര്‍മയ്ക്ക് കൂട്ടായി ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ധോണി പുറത്തായി. പിന്നീട് വന്ന കാര്‍ത്തിക് 12 റണ്‍സ് മാത്രം എടുത്ത് ഔട്ടായി.

ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റനു മുന്നില്‍ കുടുക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ റിച്ചാഡ്‌സണും മടക്കി. അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ അമ്പാട്ടി റായിഡുവിനെയും മടക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്‌റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്.

pathram:
Leave a Comment