റഫാല്‍ ഇടപാട് ; ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടി, ധൈര്യമുണ്ടെങ്കില്‍ ആണായി മറുപടി തരണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് നോട്ടീസ്. റഫാല്‍ ഇടപാടില്‍ താനുന്നയിച്ച ആരോപണങ്ങള്‍ക്കും വാദങ്ങള്‍ക്കും ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടിയെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ ആണായി നിന്ന് മറുപടി തരണമെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ വലിയ വിവാദമാണ് ഉയര്‍ത്തിയത്.
ഈ സാഹചര്യത്തിലാണ് ദേശീയവനിതാ കമ്മീഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. രാഹുലിന്റെ പരാമര്‍ശം ഒരു സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സ്വമേധയാ ആണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
”56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാര്‍ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ (മഹിള)യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവര്‍ സംസാരിച്ചു. പക്ഷേ, അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.” ലോക്‌സ!ഭയില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് നടന്ന വാക്‌പോരിന് ശേഷം പുറത്ത് മാധ്യമപ്രവ!ര്‍ത്തകരോട് രാഹുല്‍ പറഞ്ഞു.
പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖര്‍ രംഗത്തു വന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന ഒരു റാലിയില്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്റെ പരാമര്‍ശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.
എന്നാല്‍ വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ നിന്നാണ് ലിംഗനീതിയും ബഹുമാനവും തുടങ്ങുന്നത് എന്നാണ് മോദിയുടെ ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി നല്‍കിയത്.

pathram:
Related Post
Leave a Comment