സിസ്റ്റര്‍ ലൂസിക്കെതിരേ നടപടി; ബിഷപ് ഫ്രാങ്കോയ്‌ക്കെതിരേ സമരത്തില്‍ പങ്കെടുത്തതിന് വിശദീകരണം നല്‍കണം; ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലൂസി

വയനാട്: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി. സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ ലൂസിക്ക് മദര്‍ സുപ്പീരിയര്‍ ജനറല്‍ നോട്ടീസ് നല്‍കി. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും വിശദീകണം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നു.

എഫ്.സി.സി സന്യാസ സഭാംഗവും വയനാട് ദ്വാരകയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ അധ്യാപികയുമാണ് സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട സമരങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുകയും മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ചില മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നു. ഇതെല്ലാം കാണച്ചാണ് സിസ്റ്റര്‍ അംഗമായ സന്യാസി സമൂഹം ആദ്യ മുന്നറിയിപ്പെന്ന നിലയില്‍ കത്ത് നല്‍കിയിരിക്കുന്നത്. കാനോന്‍ നിയമപ്രകാരം സിസ്റ്ററെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള ആദ്യ നടപടിയാണ് ഇതെന്നും കത്തില്‍ പറയുന്നു.

എഫ്.സി.സി കോണ്‍ഗ്രിഗേഷനും അതുപോലെ സഭയ്ക്കും നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണം. പലവണ നേരിട്ട് സംസാരിക്കാനായി വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആലുവയിലെ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍, സഭാ ആസ്ഥാനത്ത് ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ കാര്യത്തില്‍ തെറ്റൊന്നുമുണ്ടായിട്ടില്ല. പലകാര്യത്തിലും അനുമതി ചോദിച്ചിട്ടും നല്‍കിയിരുന്നില്ല അതിനാലാണ് ഏകപക്ഷീയമായ സമരങ്ങളില്‍ ഇടപെടേണ്ടി വന്നതെന്ന് അവര്‍ പറയുന്നു.

താന്‍ കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം അനുമതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എഫ്.സി.സിയുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തത്. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മദര്‍ സുപ്പീരിയര്‍ ജനറലിന് മുന്നില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

pathram:
Leave a Comment