അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണം; ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ…

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. എല്ലാ സോണല്‍ എഡിജിപിമാര്‍ക്കും റേഞ്ച് ഐജിമാര്‍ക്കും കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കി.

നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുകയോ അക്രമത്തിന് മുതിരുകയോ ചെയ്താല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം കണക്കിലെടുത്താണിത്. ശബരിമലയില്‍ യുവതികള്‍ പ്രവശിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ വലിയ അക്രമ സംഭവങ്ങള്‍ക്ക് വഴി വെച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാനുള്ള തീരുമാനം.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

കടകള്‍ തുറന്നാല്‍ അവയ്ക്ക് ആവശ്യമായ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. വ്യക്തികള്‍ക്കും വസ്തുവകകള്‍ക്കും എതിരെയുളള അക്രമങ്ങള്‍ കര്‍ശനമായി തടയണം. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങള്‍ തടയുന്നതിന് ആവശ്യമായ സുരക്ഷ എര്‍പ്പെടുത്തണം. സര്‍ക്കാര്‍ ഓഫീസുകള്‍, കെ.എസ്.ഇ.ബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെ..എസ്.അര്‍.ടി.സി ബസുകള്‍ സ്വകാര്യ ബസുകള്‍ എന്നിവ തടസ്സം കൂടാതെ സര്‍വ്വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കണം. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തണം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നുമാണ് ഡിജിപിയുടെ ഉത്തരവിലുള്ളത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment