മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളം കാരണം മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബുധനാഴ്ച്ച വീണ്ടും ചേരും. മുത്തലാഖ് ബില്‍ അവതരിപ്പിക്കാനിരിക്കേ കാവേരി പ്രശ്‌നമുയര്‍ത്തി അണ്ണാ ഡിഎംകെ രാജ്യസഭ സ്തംഭിപ്പിക്കുകയായിരുന്നു. ബില്‍ തകര്‍ക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. എന്നാല്‍ മുത്തലാഖ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ പരസ്യമായി എതിര്‍ത്ത അണ്ണാ ഡിഎംകെ നിര്‍ണായക ദിവസമാണ് സഭ തടസപ്പെടുത്തിയത്. ബില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ സര്‍ക്കാര്‍ അണ്ണാ ഡിഎം കെയെ രംഗത്തിറക്കി നടപടികള്‍ അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുത്തലാഖില്‍ തോല്‍വി ഒഴിവാക്കാന്‍ അണ്ണാ ഡിഎംകെയെ രംഗത്തിറക്കി ഭരണപക്ഷം തന്ത്രം പയറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. ബഹളത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും കോണ്‍ഗ്രസ് രാജ്യസഭാകക്ഷിനേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

മുത്തലാഖ് ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ യുപിഎ തീരുമാനിച്ചിട്ടുണ്ട്. അതേസമയം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ടിആര്‍എസ് നീക്കം സര്‍ക്കാരിന് ആശ്വാസമായി.

അതേസമയം, 117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്‌സഭയില്‍ ചര്‍ച്ച ബഹിഷ്‌കരിച്ചെങ്കിലും രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നതാണ് ലീഗിന്റെ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി സഭയിലെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

അതേസമയം രാജ്യസഭയുടെ പരിഗണനയില്‍ ബില്ല് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്നും സര്‍ക്കാര്‍ കരുതുന്നു. ചില പാര്‍ട്ടികളെ ഉപയോഗിച്ച് സഭയില്‍ ബഹളമുണ്ടാക്കി ചര്‍ച്ച മാറ്റിവയ്ക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ ബഹളത്തിന്റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ലെന്നും അണ്ണാ ഡിഎംകെയുടെ പ്രതിഷേധം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

pathram:
Leave a Comment