സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു; അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിധി തന്നെയാണ് വനിതാ മതിലിന് പ്രേരണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രചരണത്തിനെതിരായാണ് വനിതാ മതിലെന്ന് ആശയം ഉരുത്തിരിഞ്ഞത്. ശബരിമല വിധിക്കെതിരായി നവോത്ഥാന പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമം സംഘപരിവാര്‍ നടത്തി. ഒരു കൂട്ടം സ്ത്രീകളെ നിരത്തിലിറക്കി മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് തന്നെ വനിതാ മതില്‍ അനിവാര്യമാണ്.
സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരമായി തന്നെയാണ് കമ്യൂണിസ്റ്റുകാര്‍ കരുതുന്നതെന്ന് മഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അത് കമ്യൂണിസ്റ്റ് രീതി തന്നെയെന്ന് പറഞ്ഞ് വിഎസിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. എന്‍എസ്എസിനെതിരെയും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വിമര്‍ശനമുയര്‍ത്തി. ആര്‍എഎസുകാര്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ നമ്മുടെ നാടിന്റെ മത നിരപേക്ഷത തകര്‍ക്കാനുള്ള നീക്കത്തെയാണ് പിന്തുണച്ചത്.
നവോത്ഥാന പാരമ്പര്യമുള്ള സംഘടനയാണ് ആര്‍എസ്എസിന്റെ അയ്യപ്പ ജ്യോതിയെ പിന്തുണച്ചത്. ഇത് ഇരട്ടത്താപ്പാണ്. സമദൂരം എന്ന് പറയുന്നവര്‍ എന്തില്‍ നിന്നൊക്കെയാണ് സമദൂരം പാലിക്കുന്നതെന്ന് വ്യക്തമാക്കണം. മന്നത്തിന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ശബരിമലയില്‍ സ്ത്രീ പ്രവേശനം പൊീലസ് തന്നെ തടയുന്നു എന്ന ആരോപണത്തിനും മുഖ്യമന്ത്രി മറപുടി നല്‍കി. ആരാധന പരിസരത്ത് പൊലീസിന് ഇടപെടാന്‍ പരിമിതിയുണ്ട്. അവിടത്തെ പൊലീസ് ഇടപെടല്‍ വലിയ പ്രത്യാഘാതമുണ്ടാക്കും. സ്ത്രീകള്‍ സ്വയം തിരിച്ചുപോവുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Leave a Comment