ചുറ്റികകൊണ്ട് ചില്ല് തകര്‍ത്ത് യാത്രക്കാരെ പുറത്തെത്തിച്ചു; അപകടത്തില്‍പെട്ട ലോ ഫ്‌ലോര്‍ ബസിലെ സുരക്ഷാ സംവിധാനം തുണയായി

അടൂര്‍: അപകടത്തില്‍പെട്ട കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ച്. ബസിലെ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ആണ് അപകടത്തില്‍ തുണയായത്. ഏനാത്ത് പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്നാണ് ബസ് മതിലില്‍ ഇടിച്ചു നിന്നത്. ബസിന്റെ വശങ്ങളിലെ ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ബസില്‍ നിന്ന് പുക ഉയര്‍ന്നതാണ് ജനല്‍ ചില്ല് തകര്‍ത്ത് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.

ഇത്തരം ആധുനിക ബസുകളില്‍ ബസിന്റെ ഓരോ ജനലുകളും ആപല്‍ ഘട്ടങ്ങളില്‍ പുറത്തേക്കിറങ്ങാനുള്ള വാതായനങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ചില്ല് പൊട്ടിച്ച് പുറത്തേക്കിറങ്ങുന്നതിനായി ഇതിനോട് ചേര്‍ന്ന് ചുറ്റികകളും സ്ഥാപിച്ചിട്ടുണ്ട്.

പുറത്തേക്കു തുറക്കുന്ന ജനലുകള്‍ കാലക്രമേണ പ്രവര്‍ത്തിക്കാതാകുന്നതിനാല്‍ ചില്ലു പൊട്ടിച്ചു പുറത്തേക്കിറങ്ങാന്‍ കഴിയുന്ന തരത്തിലുള്ള ജനലുകളും വാതിലുകളുമാണ് ഇത്തരം ബസുകളില്‍ നിയമാനുസരണം സ്ഥാപിച്ചിട്ടുള്ളത്.

തീപിടിത്തമുണ്ടായാല്‍ ഡ്രൈവര്‍ക്കു മുന്നറിയിപ്പു നല്‍കുന്ന സൂചകങ്ങളും അഗ്‌നി സുരക്ഷാ സംവിധാനവുമുണ്ട്. പ്രത്യേക സുരക്ഷാ സംവിധാനമുള്ള എസി ലോ ഫ്‌ലോര്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നതും വിരളമാണ്.

pathram:
Leave a Comment