മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുമ്പോള്‍ അസൂയ തോന്നാറുണ്ട് ജയസൂര്യ

മറ്റുള്ള താരങ്ങളുടെ സിനിമകള്‍ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോള്‍ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്ന് നടന്‍ ജയസൂര്യ. എന്നാല്‍ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാര്‍ഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്കാരോടും ദേഷ്യമില്ല, കുന്നായ്മയോ കുശുമ്പോ ഇല്ല. പണ്ട് ഉണ്ടായിരുന്നു. വളരെ ഓപ്പണായി പറഞ്ഞാല്‍ ഒരു നാലഞ്ചു വര്‍ഷം മുമ്പ് വരെ മറ്റു അഭിനേതാക്കളുടെ സിനിമകളൊക്കെ വിജയിക്കുമ്പോള്‍ ദൈവമേ അതൊക്കെ നന്നായി ഓടുന്നുണ്ടല്ലോ എന്റേത് ഓടിയില്ലല്ലോ എന്നൊരു ചിന്തയൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. എന്റെ പടം ഓടിയില്ലെങ്കിലും മറ്റൊരാളുടെ പടം ഓടിയാല്‍ അവരെ വിളിച്ച് ആത്മാര്‍ഥമായി അഭിനന്ദിക്കാനുള്ള മനസ്സ് ഇപ്പോഴെനിക്കുണ്ട്.’ ജയസൂര്യ പറഞ്ഞു.
ഏതു റോളാണ് ചെയ്യാന്‍ ആഗ്രഹമെന്ന ചോദ്യത്തിന് യേശുക്രിസ്തുവായി അഭിനയിക്കാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘എനിക്ക് പാഷന്‍ ഓഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. യേശു ക്രിസ്തുവായി അഭിനയിക്കാന്‍ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണ്. ഒരു നല്ല സംവിധായകന്‍ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ സമ്മതം മൂളും. ക്രിസ്ത്യാനികള്‍ സ്തുതി കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. എല്ലാ പിണക്കങ്ങളും അപ്പോള്‍ തീരുകയാണ്. അത് വളരെ നല്ല ഒരു കാര്യമല്ലേ ? എന്തൊരു മനോഹരമാണ് അത്. എല്ലാ പിണക്കങ്ങളും അവിടെ തീരില്ലേ ?’ ജയസൂര്യ പറയുന്നു.

pathram:
Leave a Comment