ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്

മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങളായ കെഎല്‍ രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പുറത്തായേക്കുമെന്നാണ് സൂചന. ഓസ്ട്രേലിയക്കും, ന്യൂസിലന്‍ഡിനുമെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരകള്‍ക്കും, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സര ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമില്‍ നിന്നാണ് ഇവരെ പുറത്താക്കുക. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരായി ഋഷഭ് പന്തും, എം എസ് ധോണിയും ടീമിലെത്തുമെന്നും, ഇതേത്തുടര്‍ന്ന് കാര്‍ത്തികിന് ടീമിന് പുറത്തേക്ക് പോവേണ്ടി വരുമെന്നും ഇപ്പോള്‍ മുംബൈ മിററാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ട് ലോകകപ്പ് മുന്‍ നിര്‍ത്തിയുള്ള ടീമിനെയാകും ഈ പരമ്പരകളില്‍ ടീം ഇന്ത്യ അണിനിരത്തുകയെന്നും, വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണിക്ക് ബാക്ക് അപ്പായി ഋഷഭ് പന്തെത്തുമെന്നും മുംബൈ മിറര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കറ്റ് കീപ്പറായി രണ്ട് പേരുള്ളപ്പോള്‍ ദിനേഷ് കാര്‍ത്തികിനെ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യതകള്‍ വളരെ നേരിയതാണ്. കെ.എല്‍ രാഹുലിനാകട്ടെ സമീപകാലത്തെ മോശം ഫോമാണ് തിരിച്ചടിയാകുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തുന്ന രാഹുല്‍ ടീമില്‍ നിന്ന് പുറത്താകുമെന്ന കാര്യം ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഈ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് സൂചന.

pathram:
Related Post
Leave a Comment