കഞ്ഞി എന്താ തമാശയോ അശ്ലീലമോ ആണോ?ആക്ഷേപങ്ങളോട് പ്രതികരിച്ച് ഹരികൃഷ്ണന്‍

ഒടിയനെതിരെ റിലീസ് ദിനം സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗ് തന്നെയാണ് നടന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ഒടിയനെതിരെ രംഗത്ത് വന്നത്. ചിത്രത്തില്‍ മഞ്ജുവാര്യരുടെ ഒരു ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ കനത്ത ട്രോള്‍ പ്രഹരമാണ് ഏറ്റു വാങ്ങിയത്. ഒടിയന്‍ മാണിക്യന്റെ തികച്ചും വൈകാരികമായ സംഭാഷണങ്ങള്‍ക്കൊടുവില്‍ ‘മാണിക്യാ കഞ്ഞിയെടുക്കട്ടെ’ എന്ന ഡയലോഗാണ് മഞ്ജുവിന്റെ പ്രഭയുടെ പക്കല്‍നിന്ന് ഉണ്ടാകുന്നത്. ഇത് സന്ദര്‍ഭോചിതമല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ പരിഹാസവും വിമര്‍ശനവും.
ഡയലോഗിനെതിരെ ഉയരുന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ രംഗത്ത് വന്നു. ‘കഞ്ഞി വേണോ’ എന്ന ചോദ്യം തമാശയോ അശ്ലീലമോ ആണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആ ഡയലോഗ് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത്’ ഹരികൃഷ്ണന്‍ പറയുന്നു.
‘ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. ‘കഞ്ഞി വേണോ’ എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. ‘ഒടിയന്‍’ നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ’ ഹരികൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

pathram:
Related Post
Leave a Comment