രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

പാലക്കാട്: രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു.
പമ്പ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.
ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു. അതുവരെ കര്‍ണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തില്‍ കഴിയുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ അറിയിച്ചത്.
നേരത്തെ കലാപത്തിന് ആഹ്വാനം നല്‍കിയതിന് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. രാഹുലിന്റെ വിവാദ പരാമര്‍ശം. രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

pathram:
Leave a Comment