ഹൈക്കോടതി നിര്‍ദ്ദേശം: ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി

പമ്പ: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. രാവിലെ നട തുറക്കുന്നത് മുതല്‍ 11.30 മണി വരെ വടക്കേ നടയിലെ തിരുമുറ്റത്ത് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാം എന്ന് ഐ ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.
വാവര് നട, മഹാകാണിക്ക, ലോവര്‍ തിരുമുറ്റം, വലിയ നടപ്പന്തല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ബാരിക്കേഡ് അടക്കമുള്ള മുഴുവന്‍ നിയന്ത്രണങ്ങളും നീക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ശബരിമല നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമലയില്‍ രാത്രി 11 മണിക്ക് ശേഷം തീര്‍ത്ഥാടകരെ തടയരുതെന്നും കെഎസ്ആര്‍ടിസി ടൂ വേ ടിക്കറ്റ് നിര്‍ബന്ധിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കലാകാരന്‍മാര്‍ക്ക് ശബരിമലയില്‍ അവരുടെ കലാപരിപാടി അവതരിപ്പിക്കുന്നതില്‍ നിയന്ത്രണം ഉണ്ടോ എന്ന് കോടതി ചോദിച്ചു.
ശിവമണിക്ക് നടപന്തലില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം സേവനം തുടങ്ങി.
ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി ജയ്‌ദേവും ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവുമാണ് ഉണ്ടാവുക. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ ആകെ സേവനത്തിനുണ്ടാകും.

pathram:
Leave a Comment