ബിജെപി ഹര്‍ത്താല്‍:പാലക്കാട് അക്രമം, നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു

പാലക്കാട്: ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ പാലക്കാട് അക്രമം. കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു പുറത്തുനിര്‍ത്തിയിട്ടിരിക്കുന്ന മൂന്ന് ബസുകളുടെ ചില്ലുകളാണ് തകര്‍ത്തത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അതിക്രമം.
അയ്യപ്പ ഭക്തരെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ അക്രമം കാണിച്ചാല്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കാനും വഴിതടയാനും അനുവദിക്കരുത്. സര്‍ക്കാര്‍ ഓഫിസുകളും കോടതികളും പ്രവര്‍ത്തിക്കാന്‍ സംവിധാനമൊരുക്കണമെന്നും നിര്‍ദേശമുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ എന്നിവയ്ക്ക് സുരക്ഷയൊരുക്കണമെന്നും ശബരിമല വാഹനങ്ങള്‍ക്കും പ്രത്യേക സുരക്ഷ വേണമെന്നും എഡിജിപി, ഐജി എന്നിവര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.
ഇന്നു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പന്തലിനു സമീപം തീകൊളുത്തി ആത്മാഹുതി ചെയ്ത മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണു ഹര്‍ത്താല്‍.
അഖിലേന്ത്യാ പരീക്ഷകള്‍ക്കെത്തുന്നവര്‍ വാഹനത്തില്‍ പരീക്ഷയെന്ന ബോര്‍ഡ് സ്ഥാപിച്ചാല്‍ തടയില്ലെന്നു പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. സ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റി. ഇന്നത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധ വാര്‍ഷിക പരീക്ഷകള്‍, പത്താം ക്ലാസ് വരെയുള്ള സ്‌കൂള്‍ ക്രിസ്മസ് പരീക്ഷകള്‍, കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കൊച്ചി (കുസാറ്റ്), ഫിഷറീസ്/ സമുദ്രപഠന (കുഫോസ്), ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ പരീക്ഷകള്‍ എന്നിവ മാറ്റി. കാര്‍ഷിക സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയിലേക്ക് ഇന്ന് നടത്താനിരുന്ന അഭിരുചി പരിശോധനയും അഭിമുഖവും നാളത്തേക്കു മാറ്റി; നാളത്തെ അഭിമുഖം 16 ലേക്കും മാറ്റി

pathram:
Leave a Comment