ശബരിമലയിലെ പ്രവര്‍ത്തനത്തിന് യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയിലെ പ്രവര്‍ത്തനത്തിന് എസ്പി: യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നല്‍കി സര്‍ക്കാര്‍. അദ്ദേഹത്തിന്റെ 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അനുമോദനം. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതിനെതിരെ ബിജെപിയില്‍നിന്ന് പ്രതിഷേധമുയരുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.
മണ്ഡലകാലത്തിനിടെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു ഇത്. കെഎസ്ആര്‍ടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാല്‍ കെഎസ്ആര്‍ടിസി ബസ് അവിടെ പാര്‍ക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ പോയാല്‍ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നല്‍കി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനെതിരെ മന്ത്രിക്കൊപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രിയോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയെ സസ്‌പെന്‍ഡ് ചെയ്യണം, കറുത്ത ആളുകളോട് എസ്പിക്ക് അവജ്ഞയാണ്, രമേശ് ചെന്നിത്തലയ്ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്ന എസ്പി കേന്ദ്ര മന്ത്രിയോട് അപമര്യാദ കാട്ടി, പിണറായിയുടെ ധാര്‍ഷ്ഠ്യമാണ് എസ്പി കാണിക്കുന്നത് തുടങ്ങിയ ആരോപണങ്ങളാണ് എ.എന്‍. രാധാകൃഷ്ണന്‍ എസ്പിക്കെതിരെ ഉയര്‍ത്തിയത്.

pathram:
Leave a Comment