ഭാര്യമാരെ ഉപേക്ഷിച്ചു നാടുവിടുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരെ ‘പിടികൂടാന്‍’ കേന്ദ്രസര്‍ക്കാര്‍…!!!!

ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ പോയി ജീവിക്കാമെന്ന് ആരുപ്രതീക്ഷിക്കണ്ട. നാടുവിടുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരെ ‘പിടികൂടാന്‍’ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.ഇതുസംബന്ധിച്ച് ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 25 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. നിയമമാകുന്നതോടെ നടപടി കര്‍ശനമാകും -ഹൈദരാബാദില്‍ ഒരു തിരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കവേ അവര്‍ വ്യക്തമാക്കി.
ഭാര്യമാരെ ഉപേക്ഷിക്കുകയും സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ ഭര്‍ത്താക്കന്മാരെ നിര്‍ബന്ധമായും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നവംബര്‍ 13-ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.
തങ്ങളെ ഉപേക്ഷിച്ചുപോയ പ്രവാസികളായ ഭര്‍ത്താക്കന്മാരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും കേസുനടത്തുന്നതിനു സഹായിക്കണമെന്നാവശ്യപ്പെട്ടും ഒരു കൂട്ടം സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനു നോട്ടീസയച്ചത്.

pathram:
Related Post
Leave a Comment