മിതാലി രാജിനെ പുറത്തിരുത്തിയതിന് പിന്നില്‍ ഉന്നതന്റെ ഫോണ്‍കോള്‍

മുംബൈ: ട്വന്റി20 ലോകകപ്പ് സെമിയില്‍ മിതാലി രാജിനെ പുറത്തിരുത്തിയതു പിന്നില്‍ ഉന്നതന്റെ ഇടപെടല്‍ എന്ന് റിപ്പോര്‍ട്ട്. ബിസിസിഐയില്‍നിന്നുള്ള ‘ഒരു ഉന്നതന്റെ’ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മിതാലിയെ പുറത്തിരുത്തിയതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പിലെ രണ്ടു മല്‍സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി മികവു കാട്ടിയിട്ടും ബിസിസിഐ ഉന്നതന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി മിതാലിയെ പുറത്തിരുത്തിയതില്‍ ബിസിസിഐയ്ക്ക് അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മിതാലി രാജിനെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ രമേഷ് പൊവാര്‍ ‘വലിയ വില’ കൊടുക്കേണ്ടി വന്നേക്കും. വനിതാ ടീമിന്റെ ഇടക്കാല പരിശീലകനായിരുന്ന പൊവാറിന് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പരിശീലക സ്ഥാനം നീട്ടിക്കൊടുക്കില്ലെന്നാണു വിവരം. പൊവാറും ബിസിസിഐയുമായുള്ള കരാര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊവാര്‍ പുറത്തുപോകുമെന്ന അഭ്യൂഹം ശക്തമാകുന്നത്.
എന്നാല്‍ പൊവാറിനെയും അദ്ദേഹത്തിന്റെ പരിശീലന രീതികളെയും കുറിച്ച് ടീമിനുള്ളില്‍ മികച്ച അഭിപ്രായമാണ്. പൊവാറിന്റെ ശൈലി ടീമിന്റെ മുന്നേറ്റത്തെ കാര്യമായ സഹായിച്ചിട്ടുണെന്ന നിലപാടാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനുള്‍പ്പെടെ കൂടുതല്‍ അംഗങ്ങള്‍ക്കുമുള്ളത്. ഈ സാഹചര്യത്തില്‍ അടുത്ത പരിശീലകനായി അപേക്ഷ ക്ഷണിക്കുമ്പോള്‍ പൊവാറിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നു.
എന്നാല്‍, ഒരു കാലത്ത് ഇന്ത്യന്‍ വനിതാ ടീമിന്റെ ഐക്കണായിരുന്ന മിതാലിയുമായി ഉരസിയത് പൊവാറിന്റെ സ്ഥാനം തെറിപ്പിക്കാനാണ് എല്ലാ സാധ്യതയും. മിതാലിയെ പുറത്തിരുത്തിയതിനു പിന്നാലെ ഉടലെടുത്ത പ്രതിസന്ധി മിതാലിപൊവാര്‍ വാക്‌പോരിന്റെ രൂപത്തില്‍ ടീമിന്റെ ആത്മവിശ്വാസത്തെ തന്നെ തകര്‍ക്കുന്ന തലത്തിലേക്ക് മാറിയിരിക്കുകയാണ്.
ബിസിസിഐയില്‍നിന്നുള്ള ‘ഒരു ഉന്നതന്റെ’ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മിതാലിയെ പുറത്തിരുത്തിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതും പൊവാറിന് തിരിച്ചടിയായി. മിതാലിയെ കളിപ്പിക്കാതിരിക്കാനുള്ള ബാഹ്യസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ മുഖ്യ പരിശീലകനു സാധിക്കാതെ പോയതിലും ബിസിസിഐയ്ക്ക് അതൃപ്തിയുണ്ട്. ലോകകപ്പിലെ ആദ്യ മല്‍സരത്തിനുശേഷം മിതാലിയെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മധ്യനിരയിലേക്കു മാറ്റിയതിനെക്കുറിച്ചും സെമി ഫൈനല്‍ ടീമില്‍നിന്ന് പുറത്തിരുത്തിയതിനെക്കുറിച്ചും വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ പൊവാറിനായിട്ടില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പരിശീലകനെന്ന നിലയില്‍ എന്തു തീരുമാനമെടുക്കുമ്പോഴും പൊവാര്‍ മിതാലിയുമായി സംസാരിക്കേണ്ടതായിരുന്നുവെന്നാണ് ബോര്‍ഡിന്റെ പൊതു നിലപാട്. എന്നാല്‍ അതുണ്ടായില്ല. മല്‍സരദിവസം മുംബൈയില്‍നിന്ന് വന്ന ഫോണ്‍കോളിന്റെ വെളിച്ചത്തില്‍ മിതാലിയെ പുറത്തിരുത്തുന്നതിനു പകരം അവരുമായി സംസാരിക്കുകയായിരുന്നു പൊവാര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു വെളിപ്പടുത്തി. ഇതല്ല ക്രിക്കറ്റിന്റെ രീതിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

pathram:
Related Post
Leave a Comment