സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കും പ്രതിഷേധം പാടില്ല, പോലീസിന് മാന്യമായി പരിശോധനകള്‍ നടത്താമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പോലീസിന് മാന്യമായി പരിശോധനകള്‍ നടത്താം. സന്നിധാനത്ത് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സന്നിധാനത്ത് ഇതേവരെയുണ്ടായ നടപടികള്‍ അഡ്വക്കറ്റ് ജനറല്‍ ഇന്ന് ഹൈക്കോടതിക്ക് മുന്നാകെ വിശദീകരിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ ഇടക്കാല ഉത്തരവിലാണ് സന്നിധാനത്ത് പോലീസ് പ്രഖ്യാപിച്ചിട്ടുള്ള 144 തുടരാമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടത്.
കെ.എസ്.ആര്‍.ടി.സി. ഇടതടവില്ലാതെ സര്‍വീസ് നടത്തണം. വെള്ളവും ഭക്ഷണവും 24 മണിക്കൂറും ലഭ്യമാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ സ്ത്രീകള്‍ ശബരിമല സന്ദര്‍ശനത്തിനായി എത്തിയാല്‍ അവര്‍ക്ക് എങ്ങനെ സുരക്ഷിതമായി ദര്‍ശനം നടത്തി ഇറങ്ങാം എന്നുള്ള ഒരു പ്ലാന്‍ ഉള്‍പ്പടെ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. പോലീസിനെ വിശ്വസിക്കുന്നു എന്നും ഉചിതമായി കൈകാര്യം ചെയ്യണമെന്നുമുള്ള പരാമര്‍ശനത്തോടു കൂടിയാണ് കോടതി ഈ കവറുകള്‍ സ്വീകരിച്ചത്.
നടപ്പന്തലില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വികലാഗംര്‍ക്കും വിരിവെക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം. നാമജപം തുടരാം. നടപ്പന്തലില്‍ വിശ്രമിക്കുന്നവരെയും നടന്നുവരുന്നവരെയും വേര്‍തിരിക്കാന്‍ ബാരിക്കേഡുകള്‍ ആവാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതിന് പുറമെ ഈ മണ്ഡലകാലത്ത് ശബരിമല നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി മൂന്നംഗ സമിതിയെയും നിരീക്ഷകരായി ഹൈക്കോടതി നിയോഗിച്ചു. റിട്ട ജഡ്ജിമാരായ ജസ്റ്റിസ് പി.ആര്‍ രാമന്‍, ജസ്റ്റിസ് എസ് സിരിജഗന്‍ എന്നിവര്‍ക്ക് പുറമെ എ ഹേമചന്ദ്രന്‍ ഐ.പി.എസുമാണ് സമിതി അംഗങ്ങള്‍..

pathram:
Related Post
Leave a Comment