രാത്രി നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

സന്നിധാനം: സന്നിധാനത്ത് രാത്രി നാമജപം നടത്തിയ 82 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ രാത്രിയാണ് നടയടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്രതീക്ഷിത പ്രതിഷേധം നടന്നത്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമജപം നടത്തി പ്രതിഷേധിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 82 പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു.
രാത്രി പത്തരയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിന്‍മാറിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. ഇരു സംഘങ്ങള്‍ക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടര്‍ന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുക്കുന്നതായി പൊലീസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് എസ്പി ശിവ വിക്രത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു. അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവര്‍ പറഞ്ഞു.
ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന്‍ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവന്നു.
സമരം തികച്ചും ആസൂത്രിതമെന്നും വധശ്രമം അടക്കമുള്ള കേസുകളില്‍ പ്രതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. മണിയാര്‍ ക്യാമ്പിലെത്തിച്ചശേഷമാണ് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചത്.

pathram:
Related Post
Leave a Comment