എസ്.പി. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാവില്ല

തിരുവനന്തപുരം: എസ്.പി. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടിയുണ്ടാവില്ല. എസ്.പി. യതീഷ് ചന്ദ്ര കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് കഴിഞ്ഞദിവസം നടത്തിയ ഇടപെടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നടപടിയുണ്ടായേക്കില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
എസ്.പി.യുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നറിയുന്നു. യതീഷ് ചന്ദ്രയില്‍നിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനരീതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം കോടതി നടത്തിയ പരാമാര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയതായും സൂചനയുണ്ട്.
പ്രോട്ടോക്കോളില്‍ കേന്ദ്രമന്ത്രിയെക്കാള്‍ താഴെയുള്ള ഉദ്യോഗസ്ഥന്‍ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. മന്ത്രിയുടേത് ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കില്‍ക്കൂടി ഇതു പാലിക്കണം. ഇതു ലംഘിച്ചുവെന്ന തരത്തില്‍ മന്ത്രിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണല്‍ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍. അതിനാല്‍ ഈ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തോട് നിര്‍ദേശിക്കാം. നിലവിലെ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടുമില്ല.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം ശബരിമലയിലെത്തിയപ്പോള്‍ നിലയ്ക്കലില്‍വെച്ച് എസ്.പി. മന്ത്രിയോട് ധിക്കാരത്തോടെ സംസാരിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു.

pathram:
Leave a Comment