കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍

തിരുവനന്തപുരം: കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവരുന്ന സംഘം പിടിയില്‍. വെയിലൂര്‍ ചെമ്പകമംഗലം രാഗം കല്യാണമണ്ഡപത്തിനു സമീപം വിളയില്‍ വീട്ടില്‍ വിപിന്‍ എന്നുവിളിക്കുന്ന മനു (36), മണക്കാട് കുര്യാത്തി ആറ്റുകാല്‍ക്ഷേത്രത്തിനു സമീപം എംഎസ്‌കെ നഗറില്‍ ടിസി 41/1441ല്‍ അനീഷ് (24) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ലം കഴക്കൂട്ടം ബൈപാസ് റോഡിലെ തിരക്കൊഴിഞ്ഞ ഭാഗങ്ങളിലും സര്‍വീസ് റോഡിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനം പാര്‍ക്ക് ചെയ്യുന്ന യുവയാത്രികരെയാണു സംഘം നോട്ടമിടുന്നത്.
വാട്‌സാപ്പിന്റെ കൂടി സഹായത്തോടെയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കാറിലെത്തുന്നവരുടെ വാഹനനമ്പരും ലൊക്കേഷനും അനീഷ് വിപിന് അയച്ചുകൊടുക്കും. പിന്നാലെ, തന്റെ ഓട്ടോറിക്ഷയില്‍ സ്ഥലത്തെത്തുന്ന വിപിന്‍ കാറിലിരിക്കുന്നവരെ ചോദ്യംചെയ്യും.
നാട്ടുകാരെയും പൊലീസിനെയും അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈലും ആവശ്യപ്പെടുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നു വന്നത്. പണം കയ്യിലില്ലാത്തവരുടെ എ?ടിഎം കാര്‍ഡ് വാങ്ങി പണം പിന്‍വലിച്ച് കാര്‍ഡ് തിരികെനല്‍കും.
ഇതിനു വഴങ്ങാത്തവരുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തും. ഫോണ്‍ നമ്പര്‍ വാങ്ങിയതിനു ശേഷം തട്ടിയെടുത്ത മൊബൈല്‍ ഫോണുകളിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങും. ആരും പരാതി നല്‍കാതിരുന്നതിനാല്‍ ഇതുവരെ ഏകദേശം 20 മോഷണം സംഘം നടത്തിയിട്ടുണ്ട്.
വേഷം മാറി പൊലീസ്, പിടിച്ചെടുത്തത് 30 സിംകാര്‍ഡുകള്‍.
തുടര്‍ച്ചയായി സിം മാറ്റിക്കൊണ്ടിരുന്ന ഇവര്‍ പൊലീസിനെ വട്ടം ചുറ്റിച്ചിരുന്നു. ഇരകളില്‍നിന്നു ലഭിക്കുന്ന സിംകാര്‍ഡുകളാണ് ഇവര്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്.
പൊലീസ് അനീഷിനെ പിടികൂടിയതിനു പിന്നാലെയാണ് വിപിനും പിടിയിലായത്. ആനയറയിലെ സ്വകാര്യആശുപത്രിയുടെ സമീപം സമാനപിടിച്ചുപറി നടത്താനായി കാത്തുനിന്ന അനീഷിനെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.
ഇയാളില്‍നിന്ന് 15 മെമ്മറി കാര്‍ഡുകള്‍, 30 സിംകാര്‍ഡുകള്‍, നാലു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. വിപിന് കഴക്കൂട്ടം, മംഗലാപുരം സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
വാമനപുരം, കഴക്കൂട്ടം എക്‌സൈസ് സര്‍ക്കിളിലും അബ്കാരി കേസുകള്‍ നിലവിലുണ്ട്. ശംഖുമുഖം എസി ഷാനിഹാന്‍, പേട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

pathram:
Leave a Comment