കെ. സുരേന്ദ്രന് ഉപാധികളോടെ ജാമ്യം, റാന്നി താലൂക്കില്‍ പ്രവേശിക്കരുത്

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായി റിമാന്‍ഡിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട 69 പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. റാന്നി താലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത് എന്ന വ്യവസ്ഥയോടെയാണ് സുരേന്ദ്രനും മറ്റ് 69 പേര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം കിട്ടിയെങ്കിലും കണ്ണൂരില്‍ മറ്റൊരു കേസില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. കണ്ണൂരില്‍ അറസ്റ്റ് വാറണ്ടുള്ളതിനാല്‍ സുരേന്ദ്രന് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കില്ല.
നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് പ്രകടനം നടത്തിയ ആര്‍എസ്എസ് നേതാവ് ആര്‍. രാജേഷ് അടക്കം 69 പേരും 20,000 രൂപ വീതം ജാമ്യത്തുകയായി കെട്ടിവെക്കണം.
പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന കോടതി പരിഗണിക്കുന്നുണ്ട്. പ്രസംഗം പൂര്‍ണമായും കേള്‍ക്കാതെയാണ് കേസെടുത്തതെന്നാണ് ശ്രീധരന്‍പിള്ളയുടെ വാദം. കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുക്കും.

pathram:
Leave a Comment