രാഷ്ട്രീയ പോരാട്ടമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകാം , ഭക്തരെ ബലിയാടാക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരെ ബലിയാടാക്കി ആര്‍എസ്എസ് രാഷ്ട്രീയ ലക്ഷ്യത്തിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സമരം ഭക്തിയുടെ ഭാഗമല്ലെന്നും ശബരിമലയിലെ പ്രതിഷേധക്കാരുടെ ഉദ്ദേശം മനസിലായിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പമാണ് കോണ്‍ഗ്രസ്. മാസപൂജ സമയത്ത് പ്രതിഷേധക്കാരെ തടഞ്ഞില്ല. എന്നാല്‍ എല്ലാ ജനാധിപത്യ അവകാശങ്ങളും പൗരന്മാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോളാണ് പൊലീസ് ഇടപെട്ടതും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചതും. മാധ്യമപ്രവര്‍ത്തകര്‍ സംഘടിതമായ കയ്യേറ്റത്തിനാണ് ഇരയായത്.
അറസ്റ്റ് സ്വാഭാവിക നടപടിയെന്നും ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിന് വരുന്ന സ്ത്രീകളെ സന്നിധാനത്ത് വച്ച് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. 50 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് മനസിലാക്കിക്കൊണ്ട് അവരെ ആക്രമിക്കുന്ന രീതിയായിരുന്നു സംഘപരിവാറിന്റേത്. പ്രശ്‌നമുണ്ടാക്കാന്‍ മറ്റുവഴിയില്ലാതെ വന്നപ്പോള്‍ 50 വയസു കഴിഞ്ഞ സ്ത്രീയെ ആക്രമിക്കുകയായിരന്നു സംഘപരിവാര്‍.
കുട്ടിക്ക് ചോറുണിന് വന്ന് അമ്മൂമ്മയും മറ്റുമാണ് ആക്രമിക്കപ്പെട്ടത്. പൊലീസിന്റെ ശക്തമായ ഇടപെടല്‍ ഉള്ളതുകൊണ്ടാണ് ഇവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ കഴിഞ്ഞത്. ആചാരസംരക്ഷണമാണ് പ്രശ്‌നമുണ്ടാക്കുന്നവര്‍ തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ ആചാര സംരക്ഷണം പറയുന്നവര്‍ തന്നെ പതിനെട്ടാം പടിയിലെ ആചാരം ലംഘിച്ചത് എല്ലാവരും കണ്ടു. ശബരിമലയെ ഭക്തിയോടെയാണ് വിശ്വാസികള്‍ സമീപിക്കുന്നത്. എന്നാല്‍ ആ ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തോടെ കാണുകയാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി.
ഭക്തര്‍ക്ക് സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യം മാത്രമാണ് മണ്ഡലമകരവിളക്കിന് നട തുറക്കുമ്പകോള്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ടായിരുന്നത്. ഹരിവരാസനം പാടി നടച്ചശേഷവും സന്നിധാനത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇത് ബോധപൂര്‍വ്വമാണ്. ശബരിമല സംഘപരിവാറിന്റെ കൈ പിടിയിലൊതുക്കാന്‍ എന്ത് കളവും വിളിച്ച് പറയുകയാണ്.
സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില പ്രത്യേക ജനവിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നു. രാഷ്ട്രീയ പോരാട്ടമെങ്കില്‍ അത് നേര്‍ക്കുനേര്‍ ആകാം. കെ. സുരേന്ദ്രന്‍ വലിച്ചെറഞ്ഞ ഇരുമുടിക്കെട്ട് പൊലീസാണ് തിരിച്ചേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവര്‍ത്തകരെ സംഘടിപ്പിച്ച് ശബരിമലയില്‍ എത്തിക്കണമെന്ന എ. എന്‍ രാധാകൃഷ്ണന്റെ സര്‍ക്കുലറിനെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. അക്രമം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമാണ് ബിജെപി സര്‍ക്കുലര്‍. ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരാണ് സര്‍ക്കുലറില്‍ ഉള്‍പ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കാത്തത് ഗൗരവതരമെന്നും മുഖ്യമന്ത്രി പറഞ്ഞു

pathram:
Related Post
Leave a Comment