തൃപ്തി ദേശായിയെ എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം

നെടുമ്പാശേരി: നാലുമണിക്കൂറിലേറെയായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തിദേശായിയെ പുറത്തെത്തിക്കാന്‍ പൊലീസ് നീക്കം. വാഹന സൗകര്യം ലഭിക്കാത്തതിനാലാണ് തൃപ്തി ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതെങ്കിലും മാര്‍ഗം ഉപയോഗിച്ച് പുറത്തെത്തിക്കാന്‍ പൊലീസ് ശ്രമിക്കുമെന്നാണ് കരുതുന്നത്. ഹോട്ടലിലേക്കോ മറ്റോ മാറ്റാമെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് സൂചന. പ്രതിഷേധക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നതും പ്രശ്‌നങ്ങള്‍ വഷളാവുന്നതിന് മുന്‍പ് വിമാനത്താവളത്തില്‍നിന്ന് ഇവരെ മാറ്റാനാണ് പൊലീസ് ശ്രമം. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വന്‍ പൊലീസ് സംഘവും നെടുമ്പാശേരിയില്‍ തമ്പടിച്ചിട്ടുണ്ട്.

തൃപ്തിക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുത്തിട്ടില്ലെന്നാണ് ഡിജിപി ഇന്ന് രാവിലെ പ്രതികരിച്ചത്. ഇതിനായി ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കാന്‍ കഴിയുള്ളൂ എന്നതാണ് ഡിജിപിയുടെ പ്രതികരണം.

എന്നാല്‍ എത്രത്തോളം പ്രതിഷേധങ്ങള്‍ കനത്താലും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഇന്ന് ദര്‍ശനം സാധ്യമായില്ലെങ്കില്‍ കേരളത്തില്‍ തങ്ങും. സ്ത്രീകളെ ബഹുമാനിക്കാതെ പ്രതിഷേധിക്കുന്നവര്‍ അയ്യപ്പഭക്തരല്ലെന്നും ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാരും പൊലീസും ഒരുക്കണമെന്നും തൃപ്തി പറഞ്ഞു.

രാവിലെ 4.40നാണ് പുനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തൃപ്തിയും ആറ് വനിതകളും നെടുമ്പാശേരിയിലെത്തിയത്. ശരണം വിളികളുമായി പ്രതിഷേധം തുടരുകയാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയും പോലീസ് ഒരുക്കിയിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര അഹമ്മദ്‌നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കടുത്ത നിയന്ത്രണത്തിലും സുരക്ഷാവലയത്തിലും മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. തീര്‍ഥാടകരെ രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനം വന്നതോടെ ഇക്കുറി ശബരിമലയിലെ വഴിപാടുകള്‍ പലതും മുടങ്ങും. പ്രധാന വഴിപാടായ നെയ്യഭിഷേകവും തടസപ്പെടും. കൂടുതല്‍ ഭക്തരും രാത്രി സന്നിധാനത്ത് തങ്ങി പുലര്‍ച്ചെ നട തുറക്കുമ്പോഴാണ് നെയ്യഭിഷേകം നടത്താറുള്ളത്. രാത്രി തങ്ങാന്‍ അനുവദിക്കാത്തതിനാല്‍ വന്‍ തിരക്കാവും നെയ്യഭിഷേകത്തിന് ഉണ്ടാവുക. ശബരിമല മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്നാണ്.

pathram:
Leave a Comment