ശബരിമല റിവ്യൂ ഹര്‍ജി; സുപ്രീം കോടതിയുടെ തീരുമാനം നാളെ; ഇതുവരെ ലഭിച്ചത് 19 റിവ്യൂ ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 19 പുനഃപരിശോധാ ഹര്‍ജികളാണ് വിഷയവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലെത്തിയിട്ടുള്ളത്. ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിക്കു ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷമുള്ള ആദ്യത്തെ നട തുറക്കലായിരുന്നു തുലാമാസ പൂജകള്‍ക്കു വേണ്ടി നടത്തിയത്. ഭക്തരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് ദര്‍ശനം പ്രതീക്ഷിച്ച് എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതേസമയം പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകരോട് മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

pathram:
Leave a Comment