ശബരിമല പ്രശ്‌നം അയയുന്നു? ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് കടകംപള്ളി; മുഖ്യമന്ത്രിയുടെ അഭിപ്രായം തേടും

സന്നിധാനം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രേവശിക്കുന്നത് സംബന്ധിച്ചുള്ള വിധിയില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന വിഷയമാണിത്. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാനാകാം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി പറഞ്ഞു. അതേസമയം, പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടുമെന്നു ദേവസ്വം ബോര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ നിലപാട് അനുസരിച്ചാകും ബോര്‍ഡിന്റെ തീരുമാനം എന്നും അവര്‍ പറഞ്ഞു.

ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞിരുന്നു. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം. സമാധാനമുണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. എന്തു തീരുമാനമെടുത്താല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചാല്‍ ബോര്‍ഡ് അത് പരിഗണിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നല്‍കിയാല്‍ സമരം അവസാനിപ്പിക്കമോ എന്നും അദ്ദഹം ചോദിച്ചിരുന്നു.

അതേസമയം സമരവുമായി ബന്ധപ്പെട്ട് ബിജെപിയും സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ശബ്ദ സന്ദേശം പുറത്തുവിട്ടുകൊണ്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള രംഗത്തതെത്തി. ശബരിമല സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് ആര്‍എസ്എസുകാരാണെന്ന ആരോപണം അദ്ദേഹം തള്ളി.

സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ഹര്‍ജിക്കാര്‍ ആര്‍എസ്എസുകാരാണ് എന്ന് വാര്‍ത്ത കൊടുത്ത മലയാള ചാനലിനെതിരെ അവര്‍ കേസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

മന്ത്രി പുറത്തുവിട്ട ശബ്ദരേഖ ആരുടെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗുജറാത്തില്‍നിന്നുള്ള പ്രമുഖനായ നേതാവിന്റെ കേരളത്തിലെ ആളിന്റെ ശബ്ദം, ബിജെപിക്കാരുടെ ശബ്ദമാണെന്നു പറയുന്നത് കള്ളത്തരമാണ്. നരേന്ദ്ര മോദിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരാളുടെ അനുയായിയുടെ ശബ്ദമാണ്. സിപിഎമ്മിലെ പുത്തന്‍കൂറ്റുകാരന്റെ ശബ്ദമാണത്. അത് ഞങ്ങളുടെ ആളുടെ പാര്‍ട്ടിയില്‍പ്പെട്ട ആളുടേതാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം തെറ്റെന്നു തോന്നിയാല്‍ ലംഘിക്കാനും അതിന്റെ ശിക്ഷ ഏറ്റുവാങ്ങാനും ഞങ്ങള്‍ തയ്യാറാണ്. നിയമലംഘന സമരം നടത്തും എന്നതുതന്നെയാണ് ബിജെപിയുടെ നിലപാട്. ശബരിമല കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ത്ത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് അനുവദിക്കില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാക്കും പഴയ ചാക്കും ഒരുപോലെയാണ്. മധ്യസ്ഥത്തിനു വിളിക്കുന്നതിനു മുന്‍പ് നട്ടെല്ല് കാണിക്കണം. മുന്‍പ് പറഞ്ഞതെല്ലാം കഴിഞ്ഞിട്ട് പിണറായിയെ കണ്ടപ്പോള്‍ കവാത്തു മറക്കുന്ന, നപുംസക നയം സ്വീകരിക്കുന്ന ആളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. ദേവസ്വം ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി കൊടുക്കാന്‍ പോകുന്നില്ല. കുതന്ത്രമാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുള്ളവരുണ്ട്. അവര്‍ പ്രത്യേക അജണ്ട സൃഷ്ടിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് തെറ്റാണ്. ആരാണ് ആക്രമണം നടത്തിയതെന്ന് ആഭ്യന്തരവകുപ്പ് കണ്ടുപിടിച്ച് നടപടിയെടുക്കട്ടെ. ഇന്നലെ നടത്തിയ സമരത്തില്‍ കോണ്‍ഗ്രസുകാരെ ആരും തടഞ്ഞില്ലെന്നും കോണ്‍ഗ്രസുകാരും സിപിഎമ്മും തമ്മിലുള്ള ബാന്ധവമാണ് ഇന്നലെ കണ്ടതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേര്‍ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു വ്യാഴാഴ്ച ഉച്ചയ്ക്ക് മന്ത്രി കടകംപള്ളി പത്രസമ്മേളനത്തില്‍ സംസാരിച്ചത്. ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നും മന്ത്രി ചോദിച്ചിരുന്നു. ശബരിമലയില്‍ യുവതി പ്രവേശനത്തിനുള്ള ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും കടകംപള്ളി ആരോപിച്ചിരുന്നു.

pathram:
Leave a Comment