കോഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു; വിദേശ പര്യടനത്തില്‍ ഭാര്യയെ ഒപ്പം കൊണ്ടുപോകാം

മുംബൈ: വിദേശ പരമ്പരകളില്‍ കളിക്കാര്‍ക്കൊപ്പം അവരുടെ ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയും അനുവദിക്കണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെയും ടീം അംഗങ്ങളുടെയും ആവശ്യത്തിന് ബിസിസിഐ ഉപാധികളോടെ അനുമതി നല്‍കി. വിദേശ പരമ്പരകളില്‍ ആദ്യ 10 ദിവസത്തിനുശേഷം കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കാമെന്നാണ് ബിസിസിഐയുടെ തീരുമാനം. 10 ദിവസത്തിനുശേഷം താരങ്ങള്‍ക്കൊപ്പം ചേരുന്ന ഭാര്യമാര്‍ക്ക് പരമ്പര അവസാനിക്കുന്നതുവരെ അവരുടെ കൂടെ തുടരാം.

നിലവില്‍ വിദേശ പരമ്പരകളില്‍ താരങ്ങള്‍ക്കൊപ്പം രണ്ടാഴ്ച മാത്രമെ ഭാര്യമാരെ കൂടെ നിര്‍ത്താന്‍ അനുവാദമുള്ളു. ഇത് മാറ്റണമെന്ന് കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ആഷസില്‍ ഓസ്‌ട്രേലിയയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് 2015ല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും കളിക്കാര്‍ക്കൊപ്പം ഭാര്യമാരെയും അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബിസിസിഐയും സമാനമായ നിലപാടെടുത്തത്.

എന്നാല്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കോച്ച് രവി ശാസ്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ബിസിസിഐ തീരുമാനം മാറ്റിയത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ടീം മീറ്റിംഗില്‍ കോഹ്‌ലിക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു.

pathram:
Leave a Comment